
തിരുവനന്തപുരം: കൊച്ചി സ്വദേശിനിയായ യുവതിയെ ക്ഷേത്രദര്‍ശനത്തിനെന്ന വ്യാജേന കോവളത്ത് എത്തിച്ച് പീഡിപ്പിച്ചു. മദ്യം നല്‍കി യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ യുവാവിനേയും ഇയാളുടെ പെണ്‍സുഹൃത്തിനേയും പൊലീസ് പിടികൂടി. കോവളത്തെ സ്വകാര്യ ആയുര്‍വേദ സെന്ററില്‍ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന ശരത് (28), നീലഗിരി ഗൂഡല്ലൂര്‍ സ്വദേശിയായ സൂര്യ എസ് (33) എന്നിവരാണ് അറസ്റ്റിലായത്. സൂര്യയും പീഡിപ്പിക്കപ്പെട്ട യുവതിയും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹപ്രവര്‍ത്തകയായ യുവതിയെ തിരുവനന്തപുരത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോകാമെന്ന വ്യാജേനയാണ് കോവളത്ത് എത്തിച്ചത്. സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുന്നതിനിടെ സൂര്യ തന്റെ കാമുകനായ ശരത്തിനെ ഇവിടേക്ക് വിളിച്ചുവരുത്തി. ശരത് തന്റെ കൈയില്‍ കരുതിയിരുന്ന മദ്യം ശീതളപാനീയങ്ങളില്‍ കലര്‍ത്തി യുവതിക്ക് കൊടുത്തു.
മദ്യം കഴിച്ച് അബോധാവസ്ഥയിലായ യുവതിയെ ശരത് ലൈംഗികമായി പീഡിപ്പിക്കുകയും സൂര്യ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തുവെന്ന് പൊലീസ് കണ്ടെത്തി. തിങ്കളാഴ്ച വീട്ടിലെത്തിയ ശേഷം യുവതി ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്നാണ് ഇടത്തല പൊലീസില്‍ വിവരം അറിയിച്ചത്, ഇവിടെ നിന്ന് കേസ് കോവളം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ശരത് മലപ്പുറം പൊന്നാനി സ്വദേശിയാണ്.
മണ്ണാര്‍ക്കാട് അളനല്ലൂര്‍ ഇടത്തനാട്ടുകരയിലാണ് ഗൂഡല്ലൂര്‍ സ്വദേശിയായ സൂര്യ താമസിക്കുന്നത്.ഡിസിപി നിഥിന്‍ രാജ്, ഫോര്‍ട്ട് എ സി ഷാജി, കോവളം എസ് എച്ച് ഒ ബിജോയ്, എസ് ഐ മാരായ അനീഷ് കുമാര്‍, മുനീര്‍, അനില്‍കുമാര്‍, സി പി ഒ മാരായ ശ്യാം, സെല്‍വദാസ്, ബിജു, വനിതാ പൊലീസ് ഉദ്യോഗസ്ഥരായ വിനീത, ഷിബി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.