
പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലുണ്ടായ വെടിവയ്‌പിൽ 15 പേർ കൊല്ലപ്പെട്ടു. 24 പേർക്ക് പരിക്കേറ്റു. യാൻ പലാക് സ്‌ക്വയറിലുള്ള ചാൾസ് യൂണിവേഴ്സിറ്റിയുടെ ഫാക്കൽറ്റി ഒഫ് ആർട്സിൽ ഇന്നലെ ഇന്ത്യൻ സമയം രാത്രി 8.10നായിരുന്നു സംഭവം. നിരവധി പേരുടെ നില ഗുരുതരമാണ്. പ്രതിയായ യൂണിവേഴ്സിറ്റി വിദ്യാർത്ഥി 24കാരനായ ഡേവിഡ് കൊസാക് സ്വയം വെടിവച്ചു മരിച്ചു. ആക്രമണത്തിന് ഭീകരബന്ധമൊന്നുമില്ലെന്നും വിദേശത്തുണ്ടാകുന്ന ആക്രമണങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതാകാമെന്നും പൊലീസ് അറിയിച്ചു. പ്രാഗിൽ നിന്ന് 21 കിലോമീറ്റർ അകലെയുള്ള ഗ്രാമമാണ് പ്രതിയുടെ സ്വദേശം. ഇയാളുടെ പിതാവിനെ ഇന്നലെ രാവിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. പിതാവിന്റെ മരണത്തിന് പിന്നിലും ഇയാളാണെന്നാണ് സംശയം. അതേ സമയം, യൂണിവേഴ്സിറ്റി പരിസരത്തേക്കുള്ള പ്രവേശനം പൊലീസ് നിരോധിച്ചു. അക്രമിയെ ഭയന്ന് യൂണിവേഴ്സിറ്റി കെട്ടിടത്തിലെ ക്ലാസ് മുറികൾക്കുള്ളിൽ അഭയംതേടിയ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും പൊലീസ് പുറത്തെത്തിച്ചു.