pic

ബീജിംഗ് : 2014ൽ പടിഞ്ഞാറൻ ഓസ്ട്രേലിയൻ തീരത്തിന് സമീപത്തുവച്ച് അപ്രത്യക്ഷമായ മലേഷ്യൻ എയർലൈൻസ് വിമാനമായ എം.എച്ച് 370 - യുടെ അവശിഷ്ടത്തിന്റെ വലിയൊരുഭാഗം താൻ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് മത്സ്യത്തൊഴിലാളി രംഗത്ത്. വിമാനം കാണാതായി 6 മാസം കഴിഞ്ഞാണ് തനിക്ക് അത് ലഭിച്ചതെന്ന് ഓസ്ട്രേലിയക്കാരനായ കിറ്റ് ഒൽവർ ( 77 ) പറയുന്നു.

എന്നാൽ അധികൃതർ തന്റെ വാദത്തെ അന്ന് തള്ളിയെന്നും അദ്ദേഹം ഒരു ഓസ്ട്രേലിയൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കടലിൽ വലയിൽ വിമാനത്തിന്റെ ചിറകിന്റെ ഭാഗമാണ് കുടുങ്ങിയത്. വെള്ള നിറത്തിലെ അത് വളരെ വലുതായിരുന്നു. ഇതുവരെ പുറത്താരോടും താൻ ഇക്കാര്യം പറഞ്ഞിട്ടില്ല.

എന്നാൽ ഇനി ലോകം എല്ലാം അറിയണമെന്നും ഒൽവർ പറയുന്നു. ഒൽവറിനൊപ്പം ഉണ്ടായിരുന്ന ജോർജ് കറിയും വാദത്തെ പിന്തുണയ്ക്കുന്നു. അവശിഷ്ടത്തിന് ഉപരിതലത്തിലേക്ക് ഉയർത്താനാകാത്ത വിധം ഭാരമുണ്ടായിരുന്നെന്നും തങ്ങളുടെ വല മുറിഞ്ഞുപ്പോയെന്നും ഇവർ പറയുന്നു. അവശിഷ്ടത്തെ ഉൾക്കൊള്ളാൻ മാത്രം വലിപ്പം തങ്ങളുടെ ബോട്ടിനുണ്ടായിരുന്നില്ലെന്നും ഇരുവരും സൂചിപ്പിച്ചു.

തെക്കേ ഓസ്ട്രേലിയൻ നഗരമായ റോബിൽ നിന്ന് 55 കിലോമീറ്റർ അകലെ പടിഞ്ഞാറാണ് അവശിഷ്ടം കണ്ടെത്തിയത്രെ. കരയിലെത്തിയ ഉടൻ ഓസ്ട്രേലിയൻ മാരിടൈം സേഫ്റ്റി അതോറിറ്റിയെ ഇക്കാര്യമറിയിച്ചെങ്കിലും ഒരു റഷ്യൻ കപ്പലിൽ നിന്ന് വീണ ഷിപ്പിംഗ് കണ്ടെയ്നറിന്റെ ഭാഗമാകാമെന്നായിരുന്നു പ്രതികരണം.

ഈ ഭാഗം അധികൃതർക്ക് കാട്ടി കൊടുക്കാൻ ഇനിയും തയാറാണെന്ന് ഒൽവർ പറയുന്നു. 2014 മാർച്ച് 8ന് മലേഷ്യയിലെ ക്വാലാലംപ്പൂരിൽ നിന്ന് ചൈനയിലെ ബീജിംഗിലേക്ക് 239 യാത്രികരുമായി പറന്നുയർന്ന ഫ്ലൈ​റ്റ് 370 വിമാനം ഒരു മണിക്കൂറിനുള്ളിൽ ആശയവിനിമയം വിച്ഛേദിക്കപ്പെട്ട് കാണാതായി. ഇന്ത്യൻ മഹാസമുദ്രത്തിൽ എം.എച്ച് 370നായി വിവിധ ലോക രാജ്യങ്ങൾ ലക്ഷക്കണക്കിന് ഡോളർ ചെലവിട്ട് അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല.

2016ൽ മഡഗാസ്‌കറിന് കിഴക്കായി വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. വിമാനത്തിന്റേതെന്ന് സംശയിക്കുന്ന മറ്റ് ചില ഭാഗങ്ങൾ പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിൽ അടിഞ്ഞിട്ടുണ്ട്. ഇതിൽ ചിലത് ഫ്ലൈറ്റ് 370ന്റേത് തന്നെയാകാമെന്നാണ് ഉറച്ചു വിശ്വസിക്കുന്നു. ഏതായാലും വിമാനത്തിന് എന്തു സംഭവിച്ചെന്ന് ഇന്നും കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.