roopesh

കൊല്ലം: ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് തീകൊളുത്തി മരിച്ചു. പത്തനാപുരം നടുകുന്നിലാണ് സംഭവം. 40കാരനായ രൂപേഷാണ് ആത്മഹത്യ ചെയ്തത്. വെട്ടേറ്റ ഭാര്യ അഞ്ജു (27) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും മകൾ ആരുഷ്‌മ (10) എസ്‌എടി ആശുപത്രിയിലും ചികിത്സയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിനും ആത്മഹത്യയ്‌ക്കും കാരണമെന്ന് പൊലീസ് പറഞ്ഞു.

രൂപേഷും അഞ്ജുവും തമ്മിൽ നിരന്തരം വഴക്കായിരുന്നു. ഇന്ന് പുലർച്ചെ രണ്ടരയ്ക്കും തർക്കമുണ്ടായിരുന്നു. തുടർന്നാണ് രൂപേഷ് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ആരുഷ്‌മയുടെ കണ്ണിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരുടെയും നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ വീട്ടിൽ നിന്നും പുക ഉയരുന്ന കാഴ്ചയാണ് കണ്ടത്. വീടിന് തീപിടിച്ചതാകുമെന്ന് കരുതി ഫയർഫോഴ്സിനെ വിളിച്ചു. വീട് ചവിട്ടി പൊളിച്ചപ്പോഴാണ് പൊള്ളലേറ്റ നിലയിൽ രൂപേഷിനെ കണ്ടെത്തുന്നത്. ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അഞ്ജുവും ആരുഷ്‌മയും അപകട നില തരണം ചെയ്തെന്നാണ് പൊലീസ് പറയുന്നത്. മരിച്ച രൂപേഷ് ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. നടുകുന്നിൽ ഏറെ നാളുകളായി വാടകയ്‌ക്ക് താമസിക്കുകയായിരുന്നു കുടുംബം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.