
ഓസ്കർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് മലയാള ചിത്രം '2018' പുറത്തായി. വിദേശഭാഷ വിഭാഗത്തിലെ നാമനിര്‍ദേശത്തിനാണ് ചിത്രം മത്സരിച്ചത്. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് സയൻസ് പ്രഖ്യാപിച്ച ചുരുക്കപ്പട്ടികയിൽ 88 സിനിമകളിൽ നിന്ന് 15 സിനിമകളാണ് പുതിയ പട്ടികയിൽ ഇടം നേടിയത്.
'2018' എന്ന ചിത്രത്തിന്റെ സംവിധായകൻ ജൂഡ് ആന്റണി ജോസഫാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. എല്ലാവരെയും നിരാശപ്പെടുത്തിയതിന് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ഈ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിച്ചത് ജീവിതകാലം മുഴുവൻ കാത്തുസൂക്ഷിക്കുമെന്നും ജൂഡ് ആന്റണി പറഞ്ഞു.
2018ൽ കേരളം അനുഭവിച്ച ദുരന്തത്തിന്റെ കാഴ്ചകൾ ഒട്ടും തീവ്രത ചോരാതെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മഹാപ്രളയത്തെ കേരളം എങ്ങനെ നേരിട്ടുവെന്ന് ചിത്രത്തിൽ വ്യക്തമാണ്. മലയാളികളുടെ ഒത്തൊരുമയുടെയും മനോധൈര്യത്തിന്റെയും കഥ കൂടിയാണ് '2018'ൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം 100 കോടി ക്ലബിൽ ഇടംനേടിയിരുന്നു.
ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരെയ്‌ൻ, ലാൽ, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ജോയ് മാത്യു, ജിബിൻ, ജയകൃഷ്ണൻ, ഇന്ദ്രൻസ്, ഷെബിൻ ബക്കർ, സുധീഷ്, സിദ്ദിഖ്, തന്‌വി റാം, വിനീത കോശി, ഗൗതമി നായർ, ശിവദ, അപർണ ബാലമുരളി തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അഭിനയിച്ചിരുന്നു. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി കെ പത്മകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. അഖിൽ ജോർജ്ജായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം.
മോഹൻലാൽ ചിത്രമായ 'ഗുരു'വാണ് ഓസ്‌കാർ എൻട്രി ലഭിച്ച ആദ്യ മലയാള ചിത്രം. 2020ൽ ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ടിനും ഓസ്‌കാർ എൻട്രി ലഭിച്ചിരുന്നു.