kerala-police

അരൂർ: ലോക്കപ്പില്ലാതെ ഒരു പൊലീസ് സ്റ്റേഷൻ. മേശയുടെ കാലിലും ജനൽ കമ്പികളിലുമാണ് പ്രതികളെ കെട്ടിയിടുന്നത്. വികസനം എത്തിനോക്കാത്ത നാട്ടിലെ സ്ഥിതിയല്ല ഇത്. കൊച്ചിയുടെ ഉപഗ്രഹ നഗരമായി വികസിക്കുന്ന അരൂരിലെ പാെലീസ് സ്റ്റേഷനിലെ കാഴ്ചയാണ്.

ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്ന സ്റ്റേഷൻ കൂടിയായ അരൂരിന് പറയാൻ പരാധീനതകൾ മാത്രമേയുള്ളൂ. പഴക്കമേറിയതും ഇടുങ്ങിയതുമായ കെട്ടിടത്തിൽ പൊലീസുകാർക്ക് നല്ലൊരു വിശ്രമമുറി പോലുമില്ല.

ജില്ലയുടെ വടക്കേ പ്രവേശനകവാടമായ അരൂരിൽ പൊലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടമുൾപ്പടെ ആധുനിക സജ്ജീകരണങ്ങൾ ഒരുക്കാൻ അധികൃതരും ജനപ്രതിനിധികളും ഇപ്പോൾ മറന്ന മട്ടാണ്. 1983 ഒക്ടോബർ രണ്ടിന് നിലവിൽ വന്ന പൊലീസ് സ്റ്റേഷൻ 40 വർഷം പിന്നിടുമ്പോഴും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. അരൂർ - ഇടക്കൊച്ചി പാലത്തിനരികിൽ കൈതപ്പുഴ കായലോരത്ത് അരൂർ മുക്കത്താണ് സ്റ്റേഷൻ ആദ്യം പ്രവർത്തിച്ചിരുന്നത്. കാലപ്പഴക്കമേറിയ കെട്ടിടം ശോച്യാവസ്ഥയിലായതിനെ തുടർന്ന് ചന്തിരൂരിലേക്ക് സ്റ്റേഷൻ മാറ്റി സ്ഥാപിച്ചു.

അരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ പൊതുകുളമായ എരിയകുളം നികത്തി അവിടെ പൊലീസ് സ്റ്റേഷൻ നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നതാണ്. 2018-ൽ കെട്ടിടനിർമ്മാണത്തിനായി പൊലീസ് വകുപ്പ് പ്ലാൻ ഫണ്ടിലുൾപ്പെടുത്തി ഒരു കോടി പത്ത് ലക്ഷം രൂപയും അന്നത്തെ എം.എൽ.എ എ.എം.ആരിഫ് പ്രാദേശിക വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും അനുവദിക്കുകയും ചെയ്തു. എന്നാൽ പഞ്ചായത്തിന്റെ അധീനതയിലുള്ള ഏക പൊതുകുളം നികത്തുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നു. തണ്ണീർത്തട നിയമം ലംഘനത്തിനെതിരെ പൊതുപ്രവർത്തകർ നൽകിയ ഹർജിയെ തുടർന്ന് എരിയകുളം നികത്തുന്നത് ഹൈക്കോടതി തടഞ്ഞു.

സി.ഐ, എസ്.ഐ അടക്കം 36 ഉദ്യോഗസ്ഥരാണ് നിലവിൽ സ്റ്റേഷനിൽ ജോലി ചെയ്യുന്നത്.

സൗകര്യങ്ങൾ പരിമിതം, പഴകിയ കെട്ടിടം

1. പഴക്കമേറിയതും ഇടുങ്ങിയതുമായ കെട്ടിടത്തിലാണ് സ്റ്റേഷന്റെ പ്രവർത്തനം

2. വനിത പൊലീസുകാർക്ക് വസ്ത്രങ്ങൾ മാറാൻ പോലും സുരക്ഷിതമായ മുറിയില്ല

3.പ്രതികളെ ചോദ്യം ചെയ്യുന്നതിന് പ്രത്യേക മുറിയില്ല.

4.കസ്റ്റഡിയിലെടുക്കുന്ന വലിയ വാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ല

5.സി.ഐ യുടെ മുറിയുടെ മുകൾ ഭാഗത്തെ കോൺക്രീറ്റ് ഇളകിയ നിലയിൽ

6.മഴപെയ്താൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ വിശ്രമമുറിയിയാകെ വെള്ളത്തിലാകും

അരൂർ പൊലീസ് സ്റ്റേഷന്റെ ശോചനീയാവസ്ഥ നവകേരളസദസിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

-കെ.എ.സലിം ചന്തിരൂർ, സാമൂഹിക പ്രവർത്തകൻ