
പത്തനംതിട്ട: കോളേജ് ഗ്രൂപ്പിൽ മാരകായുധങ്ങളുടെ ചിത്രം അയച്ച എബിവിപി പ്രവർത്തകൻ പൊലീസ് കരുതൽ കസ്റ്റഡിയിൽ. പത്തനംതിട്ട ചേന്നീർക്കര ഐടിഐയിലാണ് സംഭവം. എബിവിപി പ്രവർത്തകനായ മഹേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോളേജിൽ ഇന്ന് യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിനിടെയാണ് വാട്‌സാപ്പ് ഗ്രൂപ്പിൽ ആയുധങ്ങളുടെ ചിത്രങ്ങൾ സഹിതമുള്ള ഭീഷണി സന്ദേശം വന്നത്. മഹേഷ് അയച്ച മെസേജുകളുടെ സ്ക്രീൻഷോട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ടൂൽസ് ലോഡിംഗ് എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രങ്ങൾ അയച്ചിരിക്കുന്നത്.
അതേസമയം, പത്തനംതിട്ടയിലെ മറ്റൊരു കോളേജിൽ കഴിഞ്ഞ ദിവസം എസ്‌എഫ്‌ഐ - എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. പന്തളം എൻഎസ്‌എസ് കോളേജിലാണ് ക്രിസ്തുമസ് ആഘോഷത്തിനിടെ സംഘർഷമുണ്ടായത്. സംഭവത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പിന്നീട് പൊലീസ് സ്ഥലത്തെത്തിയതോടെ വിദ്യാർത്ഥികൾ പല വഴിക്കായി കോളേജ് ക്യാമ്പസിലേയ്‌ക്ക് തിരിച്ച് ഓടിക്കയറുകയായിരുന്നു. സംഘർഷമുണ്ടായതോടെ ക്രിസ്തുമസ് പരിപാടികൾ റദ്ദാക്കിയതായി പ്രിൻസിപ്പൾ അറിയിച്ചു.