parliament

പാർലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്നതിനിടെ ഇന്നലെ സുപ്രധാനമായ മൂന്ന് ക്രിമിനൽ നിയമ ബില്ലുകളാണ് പാസാക്കിയത്. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്. എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) ബില്ലുകളാണ് ലോക്‌സഭയിൽ പാസായത്. ബില്ലുകൾ രാജ്യസഭ കൂടി പാസാക്കി രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ 1860- ലെ ഇന്ത്യൻ ശിക്ഷാനിയമവും (ഐ.പി.സി.), 1898- ലെ ക്രിമിനൽ നടപടിച്ചട്ടവും (സി.ആർ.പി.സി.), 1872-ലെ ഇന്ത്യൻ തെളിവ് നിയമവും ഇല്ലാതാവും. കൊളോണിയൽ കാലത്തെ മൂന്നുക്രിമിനൽ നിയമങ്ങളും പാടേ മാറ്റി പുതിയത് കൊണ്ടുവരാനുള്ള ബിൽ 'ഇന്ത്യ' സഖ്യമില്ലാതെയാണ് ലോക്സഭ പാസാക്കിയതെന്നതും ശ്രദ്ധയമാണ്.

ഇതുപ്രകാരം പരിഷ്കരിച്ച ക്രിമിനൽ നിയമങ്ങളിൽ ചികിത്സപ്പിഴവിന് ഡോക്ടർമാർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുക്കുന്ന വകുപ്പ് ഒഴിവാക്കും.

ഭാരതീയ ന്യായ സംഹിതയിൽ 358 വകുപ്പുകൾ ഉണ്ടായിരിക്കും. ഐപിസിയിലെ 511 വകുപ്പുകൾക്ക് പകരമാണ് ഇത്. മൊത്തം 20 പുതിയ കുറ്റകൃത്യങ്ങളാണ് ബില്ലിൽ ചേർത്തിട്ടുള്ളത്. അതിൽ 33എണ്ണത്തിന് തടവ് ശിക്ഷ വർദ്ധിപ്പിക്കുകയും 83 കുറ്റകൃത്യങ്ങളിൽ പിഴ തുക വർദ്ധിപ്പിക്കുകയും ചെയ്തു. കൂടാതെ 23 കുറ്റകൃത്യങ്ങളിൽ നിർബന്ധിത മിനിമം ശിക്ഷ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. പുതിയതായി വന്ന ബില്ലുകളും അതുമൂലം സംഭവിക്കുന്ന പ്രധാന മാറ്റങ്ങളും ഇവയാണ്.

ഭാരതീയ ന്യായ സംഹിത

1, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ എന്ന പേരിൽ ഒരു പുതിയ അദ്ധ്യായം ഇതിൽ അവതരിപ്പിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലെെംഗിക കുറ്റകൃത്യങ്ങളാണ് ഇതിൽ കെെകാര്യം ചെയ്യുക.

2,18വയസിന് താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്താൽ മുൻപുണ്ടായിരുന്ന വ്യവസ്ഥകളിൽ മാറ്റംവരുത്താൻ പുതിയ ബില്ലിൽ നിർദേശിക്കുന്നു.

3, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പോക്‌സോയുമായി പൊരുത്തപ്പെടണം.

explainer

4,18 വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്താൽ ജീവപര്യന്തമോ വധശിക്ഷയോ നൽകുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

5, എല്ലാ കൂട്ടബലാത്സംഗക്കേസുകളിലും 20വർഷം തടവോ ജീവപര്യന്തമോ ലഭിക്കാം.

6,18വയസിന് താഴെയുള്ള പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്യുന്നത് പുതിയ ക്രെെം വിഭാഗത്തിൽ ഉൾപ്പെടുത്തു.

7, ഭാരതീയ ന്യായ സംഹിതയിൽ ഭീകരതയെ നിർവചിച്ചിട്ടുണ്ട്. ഇത് ശിക്ഷാർഹമായ കുറ്റമാക്കി മാറ്റിയിരിക്കുന്നു.

ഇന്ത്യയുടെ ഐക്യം, അഖണ്ഡത, പരമാധികാരം, സുരക്ഷ, സാമ്പത്തിക സുരക്ഷ എന്നിവയെ അപകടപ്പെടുത്തുന്നതോ അപകടപ്പെടുത്താൻ സാദ്ധ്യതയുള്ളതോ ആയി ആരെങ്കിലും, ഇന്ത്യയിലോ ഏതെങ്കിലും വിദേശ രാജ്യത്തോ പൊതുജനങ്ങളിലോ ഏതെങ്കിലും ജനവിഭാഗത്തിലോ ഭീകരത സൃഷ്ടിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക, ബോംബുകൾ, ഡൈനാമിറ്റ്, സ്ഫോടകവസ്തുക്കൾ, വിഷവാതകങ്ങൾ, ആണവായുധങ്ങൾ എന്നിവ ഉപയോഗിച്ച് ഏതെങ്കിലും വ്യക്തിക്കോ വ്യക്തികൾക്കോ മരണം വരുത്തുക, വസ്തുവകകൾക്ക് നാശം വരുത്തുക, അല്ലെങ്കിൽ കറൻസി നിർമ്മാണം, കള്ളക്കടത്ത് ഇവയെല്ലാം തീവ്രവാദ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

8, ഭീകരപ്രവർത്തനങ്ങൾ വധശിക്ഷയോ പരോളില്ലാത്ത ജീവപര്യന്തമോ ലഭിക്കാവുന്ന ശിക്ഷാർഹമാണ്.

9, ചില പുതിയ കാര്യങ്ങൾ തീവ്രവാദ കുറ്റ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

10, സംഘടിത കുറ്റകൃത്യങ്ങളുടെ നിർവചനം ഭാരതീയ ന്യായ സംഹിത 111ൽ പറയുന്നു.

11, സാമ്പത്തിക കുറ്റകൃത്യങ്ങളും ഇതിൽ നിർവചിക്കപ്പെട്ടിരിക്കുന്നു.

12, ആൾക്കൂട്ട കൊലപാതകം സംബന്ധിച്ചും പുതിയ വ്യവസ്ഥ. വംശം, ജാതി, സമുദായം മുതലായവയെ അടിസ്ഥാനമാക്കിയുള്ള കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംബന്ധിച്ച പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്, അതിന് ജീവപര്യന്തമോ വധശിക്ഷയോ നൽകുന്ന വ്യവസ്ഥയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

explainer

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിൽ 531 വിഭാഗങ്ങളാണ് ഉണ്ടാകുക. സിആർപിസിയുടെ 484 വിഭാഗങ്ങൾക്ക് പകരമാണിത്. ബില്ലിൽ ആകെ 177 വ്യവസ്ഥകൾ മാറ്റി ഒമ്പത് പുതിയ വകുപ്പുകളും 39 പുതിയ ഉപവകുപ്പുകളും ഇതിലേക്ക് ചേർത്തു. കരട് നിയമത്തിൽ 44 പുതിയ വ്യവസ്ഥകളും വ്യക്തതകളും ചേർത്തിട്ടുണ്ട്. ഇതിൽ കുറ്റകൃത്യം അന്വേഷിക്കാൻ പൊലീസിന് കൂടുതൽ അധികാരം നൽകുന്നു. വിചാരണ പ്രക്രിയയെ കാര്യക്ഷമമാക്കുകയും കോടതികൾ ഒരു നിശ്ചിത സമയത്തിനുള്ളിൽ കേസുകൾ തീർപ്പാക്കണമെന്നും ഇതിൽ ആവശ്യപ്പെടുന്നു.

ഭാരതീയ സാക്ഷ്യ ബില്ല്

ഭാരതീയ സാക്ഷ്യ ബില്ലിൽ 170 വ്യവസ്ഥകൾ ഉണ്ട്. ആകെ 24 വ്യവസ്ഥകൾ മാറ്റി. രണ്ട് പുതിയ വ്യവസ്ഥകളും ആറ് ഉപ വ്യവസ്ഥകളും കൂട്ടിച്ചേർക്കുകയും ആറ് വ്യവസ്ഥകൾ ബില്ലിൽ നിന്ന് റദ്ദാക്കുകയും ചെയ്തു.

explainer

ഇന്ത്യയിലെ സമീപകാല ക്രിമിനൽ നീതിന്യായ പരിഷ്കരണം മുൻഗണനകളിൽ ഗണ്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ഇതിൽ സ്ത്രീകൾക്കും കുട്ടികൾക്കും രാഷ്ട്രത്തിനും എതിരായ കുറ്റകൃത്യങ്ങളെ മുൻ‌നിരയിൽ നിർത്തുന്നു. രാജ്യദ്രോഹക്കുറ്റമടക്കം ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് പുതിയ ബില്ല്.