kottyam

കോട്ടയം: ലക്ഷങ്ങൾ കുടിശികയായതോടെ പൊലീസ് വാഹനങ്ങൾക്ക് ഡീസലും പെട്രോളും നൽകില്ലെന്ന് പമ്പുടമകൾ. നവകേരള സദസിന് അടക്കം ഓടിയതിന്റെ കുടിശിക കൂടിയതോടെ ഇപ്പോൾ വണ്ടി ഓടിക്കാനാകാത്ത അവസ്ഥയിലാണ് ജില്ലയിലെ പൊലീസുകാർ. അത്യാവശ്യകാര്യങ്ങൾക്ക് ഓടാൻ പൊലീസുകാർ കൈയിൽ നിന്ന് പിരിച്ചാണ് ഇന്ധനം നിറയ്ക്കുന്നത്.

നഗരത്തിലെ കൺട്രോൾ റൂം അടക്കം പൊലീസ് വാഹനങ്ങളും എ.ആർ. ക്യാമ്പിലെ വാഹനങ്ങളുമാണ് പ്രതിസന്ധിയിലായത്. . സ്‌റ്റേഷനുകളിലെ വാഹനങ്ങൾക്ക് പുറമെ എ.ആർ കാമ്പിലെ വാഹനങ്ങളും നഗരത്തിലെ പമ്പുകളിൽ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തെ തുക കുടിശിക നൽകാനുണ്ട്. 50 ലക്ഷത്തിനടുത്താണ് കുടിശിക. പണം കിട്ടാതെ ഇന്ധനം നൽകാനാവാത്ത സ്ഥിതിയാണെന്നാണ് പമ്പ് ഉടമ പറയുന്നത്.

രണ്ടു ദിവസമായി ഇന്ധനം നിറക്കാനെത്തുന്ന വാഹനങ്ങളെ മടക്കിയയക്കുകയാണ്. നേരെത്തേയും ഇത്തരത്തിൽ കുടിശിക വരാറുണ്ടെങ്കിലും ഇത്ര വലിയ തുക ആകുന്നത് ആദ്യമായാണ്. ഇന്ധനം കിട്ടാതായതോടെ സ്‌റ്റേഷനുകളിലെ ദൈനംദിന പ്രവർത്തനങ്ങൾ താറുമാറായി. അത്യവാശ്യത്തിന് സ്വന്തം കയ്യിൽനിന്നെടുത്തും മറ്റു പമ്പുകളിൽ കടം പറഞ്ഞും ഇന്ധനം നിറക്കേണ്ട അവസ്ഥയാണ്.

കുടിശിക തീർത്തിെല്ലങ്കിൽ അടുത്ത ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാവും. പട്രോളിങ്ങിനും കേസിന്റെ കാര്യങ്ങൾക്കും പോകാനാവാത്ത അവസ്ഥ വരും. കൺട്രോൾ റൂം വാഹനങ്ങളാണ് ഏറെ പ്രതിസന്ധിയിലായത്. ആരെങ്കിലും സഹായത്തിനു വിളിച്ചാലോ അപകടം സംഭവിച്ചാലോ ഓടിയെത്താൻ കഴിയില്ല. കൈയിൽ നിന്ന് പണം മുടക്കി വണ്ടി ഏതെങ്കിലും ജംഗ്ഷനിൽ കൊണ്ടിട്ട് വാഹന പരിശോധന നടത്തുകയാണിപ്പോൾ. ജില്ലയിൽ ഏഴു വാഹനങ്ങളാണ് കൺട്രോൾ റൂമിലുള്ളത്. ഇതിൽ നാലെണ്ണവും നഗര പരിധിയിൽ ഓടുന്നവയാണ്. രണ്ടെണ്ണം കോട്ടയം നഗരത്തിലും ഒന്നു വീതം കഞ്ഞിക്കുഴിയിലും പുതുപ്പള്ളിയിലുമാണ് ഓടുന്നത്.