hamas

ജസുസലേം: യുദ്ധമുഖത്ത് ഇസ്രയേൽ സൈന്യവുമായി പോരടിക്കുന്ന ഹമാസ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കടത്തുന്നതിനും മറ്റും ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തൽ. അടുത്തിടെ ഇസ്രയേൽ സൈന്യത്തിന്റെ പിടിയിലായ ഹമാസിന്റെ സെയ്തുൻ ബറ്റാലിയൻ കമാൻഡർ മുസ്തഫ അൽഖൈറാണ് ഇസ്രയേൽ സൈന്യത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വന്തം ജീവൻ അപകടത്തിലാകാതിരിക്കാനാണ് കുട്ടികളെ ഏറെ അപകടം നിറഞ്ഞ ഇത്തരം പണികൾക്ക് നിയോഗിക്കുന്നതെന്നും മുസ്തഫ അൽഖൈർ വെളിപ്പെടുത്തി.ഇതിനായി കുട്ടികളെ പ്രത്യേകമായി റിക്രൂട്ട് ചെയ്യുന്നുമുണ്ട്. ഈ മാസം എട്ടിനാണ് മുസ്തഫയെ ഇസ്രയേൽ സൈന്യം പിടികൂടുന്നത്.

സ്ഫോടകവസ്തുക്കളും വെടിക്കോപ്പുകളും ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനും കുട്ടികളെ ഉപയോഗിച്ചിരുന്നു.പരിശോധന കർശനമായതിനാൽ മുതിർന്നവർ സ്ഫോടക വസ്തുക്കൾ കൊണ്ടുപോവുക തീർത്തും അസാദ്ധ്യമായിരുന്നു. അതിനാലാണ് കുട്ടികളെ ഉപയോഗിച്ചിരുന്നത്. പച്ചക്കറികൾ നിറച്ച പ്ളാസ്റ്റിക് ബക്കറ്റുകളിൽ ഒളിപ്പിച്ചാണ് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കടത്തുന്നത്. ഏതെങ്കിലും ഒരു പ്രത്യേക വീട്ടിലോ, സ്ഥലത്തോ ഇത്തരം ബക്കറ്റുകൾ ഏൽപ്പിക്കാനാവും കുട്ടികളോട് ആവശ്യപ്പെടുക. കുട്ടികളെ വിശദമായി പരിശോധിക്കാത്തതിനാൽ ഇത്തരം കടത്ത് ഒട്ടുമുക്കാലും വിജയത്തിലെത്തുകയും ചെയ്യും.

ഇസ്രയേൽ സൈന്യത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് അറിയാനും ഹമാസ് കുട്ടികളെ ഉപയോഗപ്പെടുത്തിരുന്നു. സൈന്യത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ പ്രത്യേക അടയാളം കാണിക്കാനോ കൊടി വീശി കാണിക്കാനോ ആവും ആവശ്യപ്പെടുക. ഇസ്രയേൽ സൈന്യത്തെ ചതിയിൽപ്പെടുത്താനും കുട്ടികളെ ഉപയോഗിച്ചിരുന്നു എന്നും മുസ്തഫ വെളിപ്പെടുത്തി. രക്ഷിക്കണേ എന്ന് അലറിവിളിച്ചോടുന്ന കുട്ടികളുടെ പുറകേ കാര്യമറിയാതെ എത്തുന്ന സൈനികരാണ് അപകടത്തിൽപ്പെടുന്നത്. ഇങ്ങനെ എത്തുന്ന ഇസ്രയേൽ സൈനികർ പിന്നെ ജീവനോടെ പുറംലോകം കാണില്ലെന്ന് ഉറപ്പാണ്. ഇസ്രയേൽ സൈനികരെ കെണിയിൽപ്പെടുത്താനായി കളിപ്പാട്ട ബോംബുകളുമായി കുട്ടികളെ നിയോഗിക്കാറുണ്ട്.

അപകടകരമായ പ്രവൃത്തികൾക്ക് കുട്ടികളെ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ഒരിക്കലും അവരെ തങ്ങളുടെ പോരാളികളായി അംഗീകരിക്കില്ല. 18 വയസ് തികയുന്നതുവരെ ഒരു കുട്ടിയെയും ഹമാസിന്റെ ഔദ്യോഗിക പോരാളിയായി കണക്കാക്കാനാവില്ലെന്ന് മുസ്തഫ പറഞ്ഞു. അതിനാൽത്തന്നെ ഹമാസ് പോരാളികൾക്ക് കിട്ടുന്ന ഒരു ആനുകൂല്യവും പരിഗണനയും കുട്ടികൾക്ക് ലഭിക്കില്ല.