court

ചെന്നൈ: നടി തൃഷയ്ക്കെതിരെ അശ്ലീല പരാമർശം നടത്തിയതിൽ നടൻ മൻസൂർ അലി ഖാന് ഒരു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി. പിഴത്തുക അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന് 14 ദിവസങ്ങൾക്കുളളിൽ നൽകാനും കോടതി ഉത്തരവിട്ടു. നടൻ ചിരഞ്ജീവി, നടിമാരായ തൃഷ, ഖുശ്ബു എന്നിവർക്കെതിരെ നൽകിയ മാനനഷ്ടക്കേസിലാണ് മൻസൂർ അലി ഖാന് തിരിച്ചടി നേരിട്ടത്.

താരങ്ങൾക്കെതിരെ മൻസൂർ സമർപ്പിച്ച മാനനഷ്ടക്കേസ് കോടതി തളളി. ഒരു കോടി രൂപയാണ് മൻസൂർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. അതേസമയം, പ്രശസ്തിക്കുവേണ്ടിയാണ് നടൻ കേസുമായി സമീപിച്ചതെന്നു ഹൈക്കോടതി വിമർശിച്ചു.നടന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ കേസ് നൽകേണ്ടത് തൃഷയാണെന്ന് കോടതി മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.

ഒക്ടോബറിൽ തീയേറ്ററുകളിൽ എത്തിയ വിജയ് ചിത്രം 'ലിയോ' സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ തൃഷയെക്കുറിച്ച് മൻസൂർ നടത്തിയ പരാമർശമാണ് വിവാദമായത്. വൻ പ്രതിഷേധം ഉയർന്നതോടെ നടൻ മാപ്പ് പറഞ്ഞിരുന്നു. മാപ്പ് തൃഷ സ്വീകരിക്കുകയും ചെയ്‌തു. സംഭവത്തിൽ സ്വമേധയാ ഇടപെട്ട വനിതാ കമ്മിഷൻ കേസെടുക്കാൻ പൊലീസിനോട് നിർദ്ദേശിച്ചിരുന്നെങ്കിലും കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് തൃഷ അറിയിക്കുകയായിരുന്നു. വിഷയം അവസാനിച്ചെന്ന് കരുതിയപ്പോഴാണ് മാനനഷ്ടക്കേസുമായി മൻസൂർ കോടതിയെ സമീപിച്ചത്.