
ന്യൂഡൽഹി: എൽപിജി വാണിജ്യ സിലിണ്ടറിന് വില കുറയും. സിലിണ്ടറിന് 39.50 രൂപയാണ് കുറയുക. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിലുണ്ടായ ഇടിവാണ് ഇതിന് കാരണം. എന്നാൽ, ഗാർഹിക എൽപിജി സിലിണ്ടർ വില മാറ്റമില്ലാതെ തുടരും.
നിലവിൽ വാണിജ്യ സിലിണ്ടറിന്റെ വില ഡൽഹിയിൽ 1796.50 രൂപയും മുംബയിൽ 1749 രൂപയും കൊൽക്കത്തയിൽ 1908 രൂപയും ചെന്നൈയിൽ 1968.50 രൂപയുമാണ്. 39 രൂപ കുറച്ചതോടെ ഇനി ഡൽഹിയിൽ 1757.50 രൂപയ്ക്കും കൊൽക്കത്തയിൽ 1869 രൂപയ്ക്കും മുംബയിയിൽ 1710 രൂപയ്ക്കും ചെന്നൈയിൽ 1929.50 രൂപയ്ക്കും ലഭിക്കും. ക്രിസ്മസ് ആഘോഷത്തിനും പുതുവത്സര ആഘോഷങ്ങൾക്കും മുൻപുതന്നെ എണ്ണ വിപണന കമ്പനി ഈ ഇളവ് നൽകിയിരിക്കുകയാണ്.
ഡിസംബർ ഒന്നിന് എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയിരുന്നു. ആ സമയം സിലിണ്ടറിന് 21 രൂപ വർദ്ധിപ്പിച്ചിരുന്നു. അതിന് മുൻപ് നവംബർ 16 ന് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 57 രൂപ കുറച്ചിരുന്നു. കുറച്ച് കാലമായിട്ട് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ എല്ലാ മാസവും മാറ്റങ്ങൾ വരുത്തുന്നുണ്ട്. സിലിണ്ടർ നിരക്കുകൾ പലതവണ പുതുക്കിയിരുന്നു.