
ന്യൂഡൽഹി: അയോദ്ധ്യയിൽ നിന്നും ന്യൂഡൽഹിയിലേക്ക് പുതിയ വിമാന സർവ്വീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഈ മാസം 30ന് ആദ്യ വിമാനം ന്യൂഡൽഹിയിൽ നിന്നും അയോദ്ധ്യയിലേക്ക് സർവ്വീസ് നടത്തും. ജനുവരി 16 മുതൽ ന്യൂഡൽഹിയിൽ നിന്നും പ്രിതിദിനം സർവ്വീസുകൾ ആരംഭിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. ഇതോടെ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് ഒരു സ്റ്റോപ്പ് മാത്രമുളള വിമാനയാത്രകൾ അയോദ്ധ്യയിൽ നിന്നും ആരംഭിക്കും.
ഡിസംബർ 30ന് 11.00 മണിക്കാണ് ന്യൂഡൽഹിയിൽ നിന്നും അയോദ്ധ്യയിലേക്കുള്ള IX 2789 വിമാനം ആദ്യത്തെ സർവ്വീസ് നടത്തുക. 12.20ന് വിമാനം അയോദ്ധ്യയിൽ ഇറങ്ങും. അയോദ്ധ്യയിൽ നിന്നും IX 1769 വിമാനം 12.50ന് പറന്നുയരുകയും ഉച്ചക്ക് രണ്ട് മണിയോടെ ന്യൂഡൽഹിയിലെത്തുകയും ചെയ്യും. യാത്രാടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുളള സജ്ജീകരണങ്ങൾ എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ലഭ്യമാണ്.
എയർ ഇന്ത്യ എക്‌സ്പ്രസ് ജനുവരി 16 മുതൽ ന്യൂഡൽഹി-അയോദ്ധ്യ റൂട്ടിൽ പ്രതിദിന സർവ്വീസ് ആരംഭിക്കും. എല്ലാദിവസവും ന്യൂഡൽഹിയിൽ നിന്നും രാവിലെ പത്തിന് പുറപ്പെടുന്ന വിമാനം(IX 1590) അയോദ്ധ്യയിൽ 11.20ന് എത്തിച്ചേരും. അയോദ്ധ്യയിൽ നിന്ന് രാവിലെ 11.50ന് പുറപ്പെടുന്ന വിമാനം(IX 1592) ന്യൂഡൽഹിയിൽ ഒരു മണിയോടുകൂടി എത്തിച്ചേരും.