
കറാച്ചി: ഏഴുവർഷം മുമ്പ് കാണാതായ മകനെ യാചകരുടെ കൂട്ടത്തിൽ കണ്ടെത്തി അമ്മ. പാകിസ്ഥാനിലെ റാവൽപിണ്ടിയിലെ തഹിൽ മൊഹ്‍രി ചൗക്കിലാണ് സംഭവം. മുൻ പൊലീസുകാരനായ മുസ്‌തകീം ഖാലിദിനെയാണ് മാതാവ് ഷഹീൻ അക്തർ യാചകരുടെ കൂട്ടത്തിൽ തിരിച്ചറിഞ്ഞത്.
2016ലാണ് മുസ്‌തകീമിനെ കാണാതായത്. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് മുസ്‍തകീം. ടൈഫോയ്ഡ് ബാധിച്ചതിന് പിന്നാലെ മുസ്‌തകീമിന് മാനസിക പ്രശ്നങ്ങളുണ്ടാവുകയായിരുന്നു. ഇതോടെ ജോലി നഷ്ടമായി. വിഷാദരോഗം മൂലം മകൻ പലപ്പോഴും വീടുവിട്ടുപോകാറുണ്ടായിരുന്നെന്നും അപ്പോഴെല്ലാം ഗ്രാമവാസികൾ അവനെ തിരികെ എത്തിച്ചിരുന്നെന്നും ഷഹീൻ പറഞ്ഞു.
മകനെ തിരിച്ചറിഞ്ഞ് ഓടിയെത്തിയ ഷഹീനെ യാചക സംഘത്തിലുണ്ടായിരുന്നവർ ആക്രമിച്ചിരുന്നു. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ സംഘത്തിലെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ആരംഭിച്ചു. സംഘത്തിലുണ്ടായിരുന്നവർ മുസ്‍തകീമിനെ മർദ്ദിച്ചിരുന്നെന്നും മയക്കു മരുന്നുകൾ കുത്തിവച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.