
കൊച്ചി: ഡിസംബർ രണ്ടാം വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയശേഖരം 911 കോടി ഡോളർ വർദ്ധിച്ച് 61597 കോടി ഡോളറിലെത്തി. വിദേശ നാണയങ്ങളുടെ ആസ്തിയിൽ 835 കോടി ഡോളറിന്റെ വർദ്ധനയുണ്ട്. ആഗോള വിപണിയിൽ അമേരിക്കൻ ഡോളറിനെതിരെ യൂറോ, പൗണ്ട്, ജാപ്പനീസ് യെൻ എന്നിവ മികച്ച മൂല്യവർദ്ധന നേടിയതാണ് ഗുണമായത്. ഡിസംബർ ആദ്യ വാരത്തിൽ വിദേശ നാണയ ശേഖരത്തിൽ 282 കോടി ഡോളറിന്റെ വർദ്ധനയുണ്ടായിരുന്നു.
റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യം ഇക്കാലയളവിൽ 44.6 കോടി ഡോളർ ഉയർന്ന് 4758 കോടി ഡോളറിലെത്തി. സ്‌പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സിന്റെ മൂല്യം 13.5 കോടി ഡോളർ കൂടി 1832 കോടി ഡോളറായി.
2021 ഒക്ടോബറിൽ രാജ്യത്തെ വിദേശ നാണയ ശേഖരം 64500 കോടി ഡോളറിലെത്തി റെക്കാഡിട്ടിരുന്നു. അതിനു ശേഷം രൂപയുടെ മൂല്യയിടിവിന് തടയിടാൻ റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വിറ്റഴിച്ചതിനാൽ തുടർച്ചയായി വിദേശ നാണയ ശേഖരം താഴേക്ക് നീങ്ങി. കഴിഞ്ഞ ഒരു മാസമായി സാമ്പത്തിക മേഖലയിലെ അനുകൂല ചലനങ്ങളുടെ കരുത്തിൽ വിദേശ നിക്ഷേപകർ ഇന്ത്യയിലേക്ക് പണമൊഴുക്കിയെങ്കിലും രൂപയുടെ മൂല്യം കാര്യമായി ഉയർന്നില്ല. പൊതു മേഖലാ ബാങ്കുകൾ വഴി റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വാങ്ങിക്കൂട്ടിയതാണ് രൂപ ശക്തിയാർജിക്കുന്നതിന് തടസമായത്.
നാണയപ്പെരുപ്പ യുദ്ധം തുടരാൻ റിസർവ് ബാങ്ക്
ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനാൽ നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികൾ തുടരുമെന്ന് റിസർവ് ബാങ്ക് വൃക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന റിസർവ് ബാങ്കിന്റെ ധന അവലോകന നയത്തിന്റെ മിനിട്ട്സിലാണ് ഇക്കാര്യമുള്ളത്. നവംബർ, ഡിസംബർ മാസങ്ങളിൽ പച്ചക്കറികളുടെയും മറ്റ് ഭക്ഷ്യ ധാന്യങ്ങളുടെയും വില സമ്മർദ്ദം നാണയപ്പെരുപ്പ ഭീഷണി സജീവമായി നിലനിറുത്തുന്നുവെന്നും റിസർവ് ബാങ്ക് വിലയിരുത്തി.
പലിശ തിരക്കിട്ട് കുറയ്ക്കില്ല
ഭക്ഷ്യ വിലയിലെ കുതിപ്പ് കണക്കിലെടുത്ത് റിസർവ് ബാങ്ക് പലിശ കുറയ്ക്കാനുള്ള തീരുമാനം വൈകിച്ചേക്കും. അമേരിക്കയിലെയും യൂറോപ്പിലെയും കേന്ദ്ര ബാങ്കുകൾ അടുത്ത വർഷത്തിന്റെ തുടക്കത്തിൽ പലിശ കുറയ്ക്കാനുള്ള തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇന്ത്യയിൽ ജൂലായ് മാസത്തിന് ശേഷമേ പലിശയിൽ മാറ്റം വരുത്താനിടയുള്ളൂവെന്ന് ബാങ്കിംഗ് വിദഗ്ദ്ധർ പറയുന്നു.