poonchj

ഉത്തരവാദിത്തം ഏറ്റ് പി.എ.എഫ്.എഫ്

ഉപയോഗിച്ചത് അമേരിക്കൻ എം. 4 കാർബൈൻ

ശ്രീനഗർ:ജമ്മു കാശ്‌മീരിലെ പൂഞ്ചിൽ കഴിഞ്ഞ ദിവസം അഞ്ച് സൈനികർ വീരമൃത്യു വരിച്ച ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകര സംഘടനയായ പീപ്പിൾസ് ആന്റി - ഫാസിസ്റ്ര് ഫ്രണ്ട് (പി.എ.എഫ്.എഫ്). ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ പുതിയ അവതാരമാണ് പി.എ.എഫ്.എഫ് എന്ന് സുരക്ഷാ ഏജൻസികൾ കരുതുന്നു.

ഭീകരർ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച ആക്രമണ ദൃശ്യങ്ങളിൽ യു.എസ് നിർമ്മിത എം.4 കാർബൈനാണ് ഉപയോഗിച്ചതെന്ന് വ്യക്തമായി. 2016ലെ ആക്രമണത്തിലും കൊല്ലപ്പെട്ട ജയ്ഷെ ഭീകരരുടെ സ്റ്റീൽ ബുള്ളറ്റുകളുള്ള എം.4 കാർബൈനുകൾ പിടിച്ചെടുത്തിരുന്നു.

മേഖലയിൽ തെരച്ചിൽ തുടരുകയാണ്. കൂടുതൽ സൈന്യത്തെയും സ്നിഫർ നായകളെയും വിന്യസിച്ചു. വ്യോമനിരീക്ഷണവും ശക്തമാക്കി.

ലഡാക് ഉന്നമിട്ട് പാക് - ചൈന തന്ത്രം

ലഡാക്കിൽ നിന്ന് ഇന്ത്യയുടെ ശ്രദ്ധതിരിക്കാനുള്ള പാക് - ചൈനീസ് തന്ത്രത്തിന്റെ ഭാഗമാണ് പൂഞ്ചിലെ ആക്രമണം. ചൈനയുടെ അതിക്രമങ്ങൾ തടയാൻ 2020ൽ ഇന്ത്യ പൂഞ്ച് സെക്‌ടറിൽ വിന്യസിച്ചിരുന്ന ഭീകരവിരുദ്ധ സേനയായ രാഷ്‌ട്രീയ റൈഫിൾസിനെ ലഡാക്കിലേക്ക് മാറ്റിയിരുന്നു. അതാണ് പൂഞ്ചിൽ ആക്രമണങ്ങൾ ശക്തമാക്കുന്നത്.

2019ൽ 370ാം വകുപ്പ് റദ്ദാക്കി ജമ്മു കാശ്മീരിനെയും ലഡാക്കിനെയും കേന്ദ്രഭരണപ്രദേശങ്ങളാക്കിയത് പാക് - ചൈനീസ് തന്ത്രങ്ങൾക്ക് തിരിച്ചടിയായിരുന്നു. തുടർന്ന് പാക് ചാരസംഘടനയായ ഐ. എസ് ഐ, ജയ്ഷെ മുഹമ്മദ് ഗ്രൂപ്പിന്റെ പുതിയ അവതാരമായി രൂപം നൽകിയതാണ് പി. എ. എഫ്. എഫ്. അന്നുമുതൽ ഇന്ത്യൻ സേനയെ ആക്രമിക്കാൻ ഐ. എസ്. ഐ പരിശീലനം നൽകിയ ഭീകരരെ രജൗരി, പൂഞ്ച് മേഖലകളിലേക്ക് നുഴഞ്ഞു കയറ്റുകയാണ്. ജമ്മു കാശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെയെല്ലാം ഉത്തരവാദിത്തം പി. എ. എഫ്. എഫ് ഏറ്റെടുത്തതും ശ്രദ്ധേയമാണ്. ഭീകരർ ഹെൽമെറ്റ് കാമറകൾ ഉപയോഗിച്ച് ആക്രമണ ദൃശ്യങ്ങൾ പകർത്തി പ്രചാരണത്തിന് ഉപയോഗിക്കുകയാണ്.

എം.4 കാർബൈൻ

1980കളിൽ യു.എസിൽ നിർമ്മിച്ച റൈഫിൾ. സാധാരണ റൈഫിളിനേക്കാൾ നീളം കുറഞ്ഞ ബാരലാണ് കാർബൈനിന്റെ പ്രത്യേകത. ഭാരം കുറവ്. കൂടുതൽ കൃത്യത. അനായാസം ഉപയോഗിക്കാം. മാരക പ്രഹരശേഷി. സ്റ്റീൽ ബുള്ളറ്റുകൾ വാഹനങ്ങളിൽ തുളച്ചു കയറും. യു.എസിന് പുറമേ 80 രാജ്യങ്ങളിൽ ഉപയോഗിക്കുന്നു.

പന്നൂനിന്റെ ഐക്യദാർഢ്യം

ആക്രമണം നടത്തിയ ഭീകരർക്ക് ഖാലിസ്ഥാൻ ഭീകരൻ ഗുർപന്ത്‌വന്ത് സിംഗ് പന്നൂൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കാശ്‌മീർ- ഖാലിസ്ഥാൻ റെഫറണ്ടം ഫ്രണ്ടിന്റെ വക്‌താവെന്ന് സ്വയം വിശേഷിപ്പിച്ച പന്നൂൻ കാശ്‌മീരികൾക്കെതിരായ ഇന്ത്യയുടെ അക്രമത്തിന്റെ അനന്തര ഫലമാണ് ഭീകരാക്രമണമെന്ന് പറഞ്ഞു. പാക് ഭീകരരുമായുള്ള പന്നൂനിന്റെ ബന്ധത്തിന് തെളിവാണ്.