
ഓസ്ട്രേലിയക്കെതിരായ വനിതാ ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. ഒന്നാം ഇന്നിംഗ്സ് ലീഡ്
മുംബയ്: ഓസ്ട്രേലിയക്കെതിരായ ഏക വനിതാ ടെസ്റ്റിന്റെ രണ്ടാം ദിനവും ഇന്ത്യയ്ക്ക് ആധിപത്യം. ഒന്നാം ഇന്നിംഗ്സിൽ 219 റൺസിന് ഓൾഔട്ടായ ഓസ്ട്രേലിയക്കെതിരെ ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 376/7 എന്ന നിലയിൽ ശക്തമായ നിലയിലാണ്. ഇന്ത്യയ്ക്കിപ്പോൾ 157 റൺസിന്റെ ലീഡായി. 147 പന്ത് നേരിട്ട് 70 റൺസുമായി ദീപ്തി ശർമ്മയും 115 പന്തിൽ 33 റൺസുമായി പൂജ വസ്ട്രാക്കറുമാണ് ക്രീസിലുള്ളത്. 14 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായിടത്തു നിന്നാണ് ദീപ്തിയും പൂജയും ഇന്ത്യയെ കരകയറ്റിയത്.
98/1 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് വൺഡൗണായിറങ്ങിയ സ്നേഹ റാണയുടെ (7) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആഷ്‌ലെയ്ഗ് ഗാർഡ്നർ ക്ലീൻബൗൾഡാക്കുകയായിരുന്നു. അധികം വൈകാതെ അർദ്ധ സെഞ്ച്വറി തികച്ച് ബാറ്റിംഗ് തുടരുകയായിരുന്ന ഓപ്പണർ സ്മൃതി മന്ഥന (74) റണ്ണൗട്ടായി. തുടർന്ന് ക്രീസിലൊന്നിച്ച റിച്ച ഘോഷും (52), ജെമീമ റോഡ്രിഗസും (74) ക്രീസിലുറച്ചു നിന്നു ഇന്ത്യയെ ഇരുന്നൂറും ഇരുന്നൂറ്റിയമ്പതും കടത്തി. ഇരുവരും നാലാം വിക്കറ്റിൽ 187 പന്തിൽ 113 റൺസ് ഇന്ത്യൻ സ്കോർ ബോർഡിലേക്ക് കൂട്ടിച്ചേർത്തു. ടീം സ്കോർ 260ൽ വച്ച് റിച്ചയെ ഗാർഡറുടെ കൈയിൽ എത്തിച്ച് കിംഗ് ഗാർത്താണ് കൂട്ടുകെട്ട് പൊളിച്ചത്. 104 പന്ത് നേരിട്ട് 7 ഫോറുൾപ്പെട്ടതാണ് റിച്ചയുടെ ഇന്നിംഗ്‌സ്.
തുടർന്ന് ഇന്ത്യ തകർച്ച നേരിട്ടു. ക്യാപ്ടൻ ഹർമ്മൻ പ്രീത് കൗറും (0), യഷ്തിക ഭാട്ട്യയും (1), ജമീമയും അടുത്തടുത്ത് ആഷ്‌ലെയ്‌ഗ് ഗാർഡ്നർക്ക് വിക്കറ്റ് നൽകി മടങ്ങിയതോടെ 274/7 എന്ന നിലയിൽ ഇന്ത്യ പ്രതിന്ധിയിലായി. എന്നാൽ അവിടെ വച്ച് ഒന്നിച്ച ദീപ്തിയും പൂജയും പ്രതിസന്ധിയിൽ നിന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. ക്ഷമയോടെ ഓസീസ് ബൗളിംഗ് ആക്രമണത്തെ നേരിട്ട ഇരുവരും 8-ാം വിക്കറ്റിൽ 242 പന്തി നിന്ന് 102 റൺസ് ഇന്ത്യൻ സ്കോർ ബോർഡിലേക്ക് കൂട്ടിച്ചേർത്തു കഴിഞ്ഞു.
ഓസ്ട്രേലിയയുടെ ആഷ്‌ലെയ്ഗ് ഗാർഡ്‌നർ നാല് വിക്കറ്റ് വീഴ്ത്തി.
സൂപ്പർ കൂട്ടുകെട്ട്
4-ാം വിക്കറ്റ്
ജമീമ-റിച്ച
(113 റൺസ് 187 ബാളിൽ)
8-ാം വിക്കറ്റ്
ദീപ്തി-പൂജ
(ഇതുവരെ പുറത്താകതെ 102. 242 പന്തിൽ)
ആദ്യ നാല് ടെസ്റ്റിൽ ഒന്നിലധികം തവണ അമ്പതിലധികം റൺസ് നേടിയ രണ്ടാമത്തെ താരമായി ദീപ്തി ശർമ്മ.