തിരുവനന്തപുരം: പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വർണക്കാഴ്ചയൊരുക്കി പുതുവർഷത്തെ വരവേൽക്കാൻ തലസ്ഥാനം ഒരുങ്ങി. ടൂറിസം വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിക്കുന്ന വസന്തോത്സവം പുഷ്പമേളയും ന്യൂ ഇയർ ലൈറ്റ് ഷോയും ഇന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ആന്റണി രാജു, ജി.ആർ അനിൽ എന്നിവർ മുഖ്യാതിഥികളായിരിക്കും. കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് പുഷ്പമേള. കനകക്കുന്നിലെ നടവഴികളും മരങ്ങളും കൊട്ടാരമതിലുകളും ദീപാലങ്കാരത്തിന്റെ ഭാഗമാകും.
കേരളത്തിന് പുറത്തുനിന്നെത്തിക്കുന്ന പുഷ്പങ്ങൾ പ്രത്യേകം തട്ടുകളിൽ വിന്യസിച്ച് ക്യൂറേറ്റ് ചെയ്ത പുഷ്പമേളയാണ് ഇത്തവണത്തേത്. ഇന്ന് രാവിലെ മുതൽ മേളയിലേക്ക് പ്രവേശനം അനുവദിക്കും. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന നിരക്ക്. സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യമേള, പെറ്റ്സ് പാർക്ക്, ട്രേഡ് ഫെയർ എന്നിവയാണ് പരിപാടിയുടെ മറ്റ് ആകർഷണങ്ങൾ. ജനുവരി രണ്ടിന് സമാപിക്കും.