 
ഇടുക്കി: പത്തോളം സ്ഥാപനങ്ങളിലെത്തി പ്രധാന വാതിലുകള്‍ കുത്തിത്തുറന്ന് പണം അപഹരിച്ച മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് എല്ലാ മോഷണങ്ങളും നടന്നത്. കട്ടപ്പന കാഞ്ചിയാറിന് സമീപം ലബ്ബക്കടയിലാണ് മോഷണ പരമ്പര അരങ്ങേറിയത്.
മുഖംമൂടി ധധരിച്ചെത്തിയ ആളുടെ ദൃശ്യം സമീപത്തെ സിസിടിവിയില്‍ നിന്നു ലഭിച്ചിട്ടുണ്ട്. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും എത്തി തെളിവുകള്‍ ശേഖരിച്ചു.
ലബ്ബക്കട ടൗണില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസ്, മിനി സൂപ്പര്‍ മാര്‍ക്കറ്റ്, അക്ഷയ കേന്ദ്രം, എണ്ണ വ്യാപാര സ്ഥാപനം, ജനസേവന കേന്ദ്രം, പെറ്റ് ഷോപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് കവര്‍ച്ച നടന്നത്. മോഷ്ടാവ് സ്ഥാപനങ്ങള്‍ കുത്തിത്തുറക്കാന്‍ ഉപയോഗിച്ച ആയുധവും സമീപത്തു നിന്നും കണ്ടെത്തി.
ഒറ്റദിവസം കൊണ്ട് ഇത്രയധികം സഥാപനങ്ങളില്‍ മോഷണം നടത്താന്‍ ശ്രമിച്ചത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഈ മേഖലയെക്കുറിച്ച് നന്നായി അറിയുന്നയാളാകും മോഷ്ടാവെന്നാണ് നാട്ടുകാര്‍ പ്രകടിപ്പിക്കുന്ന സംശയം. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
അക്ഷയ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന 10,000 രൂപയ്ക്കു മേല്‍ നഷ്ടപ്പെട്ടു. മറ്റ് സ്ഥാപനങ്ങളില്‍ നിന്നും പണവും രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്. വില്ലേജ് ഓഫീസില്‍ സൂക്ഷിച്ചിരുന്ന പണം ട്രഷറിയില്‍ അടച്ചിരുന്നു. എന്നാല്‍ ഇവിടെ ഓഫീസ് ആകെ അലങ്കോലമാക്കി സാധനങ്ങള്‍ വാരിവലിച്ചിട്ട ശേഷമാണ് മോഷ്ടാവ് മടങ്ങിയത്.