v

വന്യമൃഗശല്യം രൂക്ഷമായ മലയോര മേഖലയിൽ നിന്ന് ഇപ്പോൾ വരുന്ന വാർത്തകൾ അത്രതന്നെ ശുഭകരമല്ല. അതിന് ഉദാഹരണമാണ്, വയനാട് ബത്തേരിക്കടുത്ത് വാകേരി കൂടല്ലൂരിലെ യുവ കർഷകനെ കടുവ ആക്രമിച്ചു കൊന്ന സംഭവം. കടുവ കൂട്ടിലായത് ആശ്വാസമായെങ്കിലും, അതിനെ പിടികൂടുന്ന കാര്യത്തിൽ അധികൃതരുടെ ഭാഗത്തു നിന്ന് ആദ്യഘട്ടത്തിലുണ്ടായ മെല്ലെപ്പോക്ക് ഗുരുതര വീഴ്ചയാണ്. ഈ മേഖലയിൽ എട്ടു വർഷത്തിനിടെ കടുവ കൊന്നത് ഏഴു പേരെയാണ് എന്ന യാഥാർത്ഥ്യം മനസ്സിലാക്കാതെയാണ് അധികൃതർ പെരുമാറിയത്.

യുവകർഷകന്റെ ജീവനെടുത്തയുടൻ തന്നെ കൂടു വച്ചില്ലെന്നു മാത്രമല്ല, പിറ്റേ ദിവസം ഉച്ചയ്ക്കു മാത്രമാണ് വനം വകുപ്പ് കടുവയെ പിടികൂടാൻ ഉത്തരവിറക്കിയത്. അതും, നാട്ടുകാരും ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ പാർട്ടികളും വലിയ പ്രതിഷേധം ഉയർത്തിയതിനു ശേഷം! വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ കൊല്ലുന്നത് സ്വാഭാവികമെന്ന മട്ടിൽ ഇത്തരം വന്യജീവി ആക്രമങ്ങളെ നിസ്സാരമായോ നിസ്സംഗതയോടെയോ കാണുന്ന അധികൃതരുടെ നിലപാടിൽ തെളിയുന്നത് കൊലയാളിപ്പല്ലുകൾ തന്നെയാണ്. വന്യമൃഗങ്ങളുടെ വർദ്ധിച്ചുവരുന്ന ആക്രമണം തടയാൻ സർക്കാർ തലത്തിൽ ശക്തമായ നടപടികളുണ്ടാകണം. വനം, വന്യജീവി നിയമങ്ങളിൽ മനുഷ്യന്റെ സുരക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണവും ഉണ്ടാകണം.

രഞ്ജിത് കേളപ്പൻ

അഗളി, പാലക്കാട്