sanju-samson

മുംബയ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ സെഞ്ച്വറി നേടിയ സഞ്ജു സാംസണ്‍ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരത്തിന് പക്ഷെ തുടരെ അവസരങ്ങള്‍ ഒരിക്കല്‍പ്പോലും ലഭിച്ചിട്ടില്ല. പാളിലെ ബോളാന്‍ഡ് പാര്‍ക്കില്‍ സഞ്ജു നേടിയ സെഞ്ച്വറിയെ പുകഴ്ത്തി നിരവധി മുന്‍ താരങ്ങള്‍ രംഗത്ത് വന്നിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് പൊതുവേ സഞ്ജുവിന്റെ വിമര്‍ശകനായ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറുടേതാണ്.

പ്രതിഭയുള്ള കളിക്കാരനാണെങ്കിലും കിട്ടിയ അവസരങ്ങളില്‍ ഒരു മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ് കളിക്കാന്‍ കഴിയുന്നില്ലെന്നതാണ് സഞ്ജു സാംസണ്‍ നേരിട്ടിട്ടുള്ള ഏറ്റവും വലിയ വിമര്‍ശനം. അനാവശ്യ ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിയുന്ന സഞ്ജു തന്റെ കഴിവിനോട് ചെയ്യുന്ന നീതികേടാണ് ഇത്തരം പ്രകടനങ്ങളെന്നും സുനില്‍ ഗവാസ്‌കര്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നേടിയ സെഞ്ച്വറിയില്‍ സഞ്ജു സാംസണെ വാനോളം പുകഴ്ത്തുകയാണ് ഗവാസ്‌കര്‍.

ഈ സെഞ്ച്വറിയോടെ സഞ്ജുവിന്റെ കരിയര്‍ മാറിമറിയുമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. 'അവന്‍ ഈ ലെവലില്‍ സ്ഥരമായി കളിക്കേണ്ട താരമാണ്. എത്ര വലിയ കഴിവുള്ള താരമാണ് സഞ്ജുവെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ ആ കഴിവിനൊത്ത പ്രകടനം പുറത്തെടുത്തിട്ടില്ലെന്നതായിരുന്നു ഞാനുള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചത്. ഇന്നലെ ടീമിന് വേണ്ടി മികച്ച ഒരു ഇന്നിംഗ്‌സ് കളിച്ച സഞ്ജു തന്റെ വ്യക്തിഗത കരിയറും രക്ഷപ്പെടുത്തിയെടുത്തു'.- ഗവാസ്‌കര്‍ പറഞ്ഞു.

മത്സരത്തില്‍ ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ നായകന്‍ കെ.എല്‍ രാഹുല്‍ പുറത്താകുമ്പോള്‍ 101ന് മൂന്ന് എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് ക്രീസിലെത്താനുള്ളതെല്ലാം പരിചയസമ്പത്ത് കുറഞ്ഞ താരങ്ങളും. ഈ ഘട്ടത്തില്‍ യുവതാരം തിലക് വര്‍മ്മയെ കൂട്ടുപിടിച്ച് നാലാം വിക്കറ്റില്‍ സഞ്ജു സാസംണ്‍ കൂട്ടിച്ചേര്‍ത്ത 116 റണ്‍സ് മത്സരത്തില്‍ നിര്‍ണായകമായി. 114 പന്തുകള്‍ നേരിട്ട സഞ്ജു മൂന്ന് സിക്‌സറുകളും ആറ് ഫോറുകളും സഹിതം 108 റണ്‍സ് അടിച്ചിരുന്നു.