d

തൃശൂർ : ചാലക്കുടിയിൽ ഐ.ടി.ഐ തിരഞ്ഞെടുപ്പ് ജയിച്ചതിന് ശേഷമുള്ള ആഹ്ളാദ പ്രകടനത്തിനിടെ എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ചു തകർത്തു. പിന്നാലെ കസ്റ്റഡിയിലെടുത്ത ഡി.വൈ.എഫ്.ഐ നേതാവ് നിധിൻ പുല്ലനെ സി.പി.എം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ബലം പ്രയോഗിച്ച് മോചിപ്പിക്കുകയും ചെയ്തു.

ചാലക്കുടി ഐ.ടി.ഐ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ വിജയിച്ചതിന് പിന്നാലെയായിരുന്നു സംഭവം. ആഹ്ളാദ പ്രകടനം നടത്തിയ പ്രവർത്തകർ മടങ്ങുന്നതിനിടെയാണ് പൊലീസ് ജീപ്പിന്റെ മുൻവശത്തെ കണ്ണാടി അടിച്ചുതകർത്തത്. പൊലീസുകാർ ജീപ്പിലിരിക്കെയാണ് പ്രവർത്തകർ ജീപ്പിന് മുകളിൽ കയറി അക്രമം അഴിച്ചുവിട്ടത്. ജീപ്പിലുണ്ടായിരുന്ന പൊലീസുകാരെ ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ചാലക്കുടിയിലെ ഡി.വൈ.എഫ്.ഐ നേതാവ് നിധിൻ പുല്ലന്റെ നേതൃത്വത്തിലാണ് ജീപ്പിന്റെ ഗ്ലാസ് അടിച്ചുതകർത്തത്. സംഭവത്തിന് ശേഷം നിധിൻ പുല്ലനെ പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ സി.പി.എം പ്രവർത്തകർ ചേർന്ന് തടഞ്ഞു. എന്നാൽ ബലംപ്രയോഗിച്ച് നിധിൻ പുല്ലനെ പൊലീസുകാർ കസ്റ്റഡിയിലെടുത്തു. അതിന് ശേഷം ചാലക്കുടി ഏരിയാ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ പ്രതിയെ മോചിപ്പിക്കുകയായിരുന്നു. ചാലക്കുടിയിൽ ഇപ്പോഴും സംഘർഷ സാദ്ധ്യത നിലനിൽക്കുകയാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇന്നലെ ഐ.ടി.ഐയ്ക്ക് മുന്നിലെ കോടിതോരണങ്ങൾ പൊലീസ് അഴിപ്പിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് നിഗമനം.