crime

കുന്ദമംഗലം: മന്ത്രവാദ ചികിത്സയുടെ മറവില്‍ വീട്ടമ്മയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമം. സംഭവത്തില്‍ മലപ്പുറം കാവന്നൂര്‍ തൃപ്പനച്ചി നെല്ലിച്ചുവട് സിദ്ദീഖിയാ മന്‍സിലില്‍ അബ്ദുറഹ്മാനെ (32) കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

ഡിസംബര്‍ ഒമ്പതിനാണ് വീട്ടമ്മ മന്ത്രവാദിയെ കാണാന്‍ ഇയാളുടെ വീട്ടിലെത്തിയത്. രോഗം മാറ്റിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയെ ഇയാള്‍ ഹോട്ടലിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഭയപ്പെടേണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം മടവൂരിലെ ഒരു ലോഡ്ജിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്.

ലോഡ്ജിലേക്ക് കൊണ്ടുപോകുമ്പോള്‍ വീട്ടമ്മയ്ക്ക് സംശയം തോന്നാതിരിക്കാന്‍ മറ്റൊരു സ്ത്രീയെ പ്രതി ഒപ്പം കൂട്ടിയിരുന്നു. ലോഡ്ജിലെത്തിയ ശേഷം ഒപ്പമുണ്ടായിരുന്ന സ്ത്രീയെ വേറൊരു മുറിയിലാക്കിയ ശേഷം വീട്ടമ്മയെ ചികിത്സയ്‌ക്കെന്ന പേരില്‍ വേറൊരു മുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഇവിടെ വച്ച് അബ്ദുറഹ്മാന്‍ വീട്ടമ്മയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച പരാതി. 2019-ല്‍ ഇയാള്‍ക്കെതിരേ കരിപ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസ് നിലവിലുണ്ട്.

മന്ത്രവാദ ചികിത്സക്കായി ആളുകളെ അബ്ദുറഹ്മാന്റെ അടുത്തെത്തിക്കാന്‍ ഏജന്റുമാരായി സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഘത്തെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് പൊലീസ്.