pic

ന്യൂഡൽഹി: പുതുതായി കണ്ടെത്തിയ സസ്യവളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഇനം ബാക്ടീരിയയ്ക്ക് നോബൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറിനോടുള്ള ആദര സൂചകമായി ' പാന്റോവ ടാഗോറി' എന്ന് പേര് നൽകി ഗവേഷകർ. വിശ്വ ഭാരതി സർവകലാശാലയിലെ ആറംഗ ഗവേഷക സംഘമാണ് കണ്ടെത്തലിന് പിന്നിൽ.

ടാഗോർ കൃഷിയ്ക്ക് നൽകിയ പ്രോത്സാഹനങ്ങൾ കണക്കിലെടുത്താണ് കാർഷിക മേഖലയ്ക്ക് ഉപകാരിയായ ഈ ബാക്ടീരിയയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകിയതെന്ന് ബോട്ടണി വിഭാഗത്തിലെ മൈക്രോബയോളജി ലബോറട്ടറി അസിസ്റ്റന്റ് പ്രൊഫസർ ബോംബ ഡാം പറഞ്ഞു.

ഇതാദ്യമായാണ് ഒരു ജീവജാലത്തിന് അദ്ദേഹത്തിന്റെ പേര് നൽകുന്നത്. ജാരിയ കൽക്കരി ഖനികളിലെ മണ്ണിൽ നിന്നാണ് ബാക്ടീരിയയെ കണ്ടെത്തിയത്. ബാക്ടീരിയയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇന്ത്യൻ ജേ‌ർണൽ ഒഫ് മൈക്രോബയോളജിയിൽ പ്രസിദ്ധീകരിച്ചു.