
കൊച്ചി: ക്രിസ്മസിനോടനുബന്ധിച്ച് കത്തോലിക്കാ മെത്രാൻ സമിതി ആസ്ഥാനത്ത് നടത്തിയ ആഘോഷത്തിൽ പങ്കെടുത്ത സാദിഖലി ശിഹാബ് തങ്ങളെ മുൻമന്ത്രി കെ.ടി ജലീൽ മോശമായി ചിത്രീകരിച്ചതിൽ സമിതി പ്രതിഷേധിച്ചു.
ആഘോഷങ്ങളിൽ സമൂഹത്തിലെ ഉന്നതരായ വ്യക്തിത്വങ്ങളെ ക്ഷണിക്കുന്നത് സഭയുടെ സ്വകാര്യ കാര്യമാണ്. ആരെ ക്ഷണിക്കണം, വേദി എങ്ങനെ പങ്കിടണമെന്നും പുറമെനിന്ന് ആരും ഉപദേശിക്കേണ്ടതില്ല. ആഘോഷത്തിന്റെ ചൈതന്യത്തെ ഇല്ലാതാക്കാൻ കാപട്യം നിറഞ്ഞ വാക്കുകളോടെ സമൂഹമാദ്ധ്യമത്തിൽ ജലീൽ എഴുതിയത് അപലപനീയവും സാംസ്കാരിക കേരളത്തിന് അപമാനവുമാണ്. ജലീലിനെ പോലെ അസഹിഷ്ണുതയുള്ളവരെ നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് സമിതി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി വാർത്താക്കുറിപ്പിൽ പറഞ്ഞു.