italy

റോം: ഒരേ സമയം വധും വരനും സഞ്ചരിച്ച വിമാനങ്ങള്‍ കിലോമീറ്ററുകളുടെ വ്യത്യാസത്തില്‍ അപകടത്തില്‍പ്പെട്ടു. വിവാഹിതരാകാന്‍ ഒരുങ്ങുകയാണ് സ്റ്റെഫാനോ പെരില്ലി (30)യും അന്റോണിറ്റ് ഡെമാസി (22)യും. ഞായറാഴ്ച ഇറ്റലിയിലെ ടൂറിന്‍ പട്ടണത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് ഇരുവരും യാത്ര ചെയ്തിരുന്നത്.

വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ടൂറിനിലേക്ക് പോകുമ്പോഴാണ് ഇരുവരും സഞ്ചരിച്ചിരുന്ന വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടത്. എന്നാല്‍ അത്ഭുതമെന്താണെന്നാല്‍ ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നതാണ്. പ്രതികൂല കാലാവസ്ഥയാണ് അപകടങ്ങളുണ്ടാകാന്‍ കാരണം.

താപനില കുറയുകയും മൂടല്‍മഞ്ഞ് രൂക്ഷമായി കാഴ്ച മറയുകയും ചെയ്തതോടെ പിരില്ലിയുടെ വിമാനം ബുസാനോയില്‍ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, എയര്‍സ്ട്രിപ്പിലേക്ക് നീങ്ങുന്നതിനിടെ മൂടല്‍മഞ്ഞും ഇരുട്ടും ശക്തമായതോടെ വിമാനം പുല്‍ത്തകിടിയില്‍ ഇടിച്ച് ഇറങ്ങുകയായിരുന്നു. പിരില്ലിയും പൈലറ്റും പരിക്കുകളില്ലാതെ രക്ഷപ്പെട്ടുകയും ചെയ്തു.

കാലാവസ്ഥ മോശമായതോടെ ഡെമാസി സഞ്ചരിച്ച വിമാനത്തിന്റെ പൈലറ്റും വിമാനം സാന്‍ ഗിലിയോയ്ക്ക് സമീപമുള്ള എയര്‍ഫീല്‍ഡില്‍ ഇറക്കുകയായിരുന്നു. എന്നാല്‍, വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ഡെമാസിക്കും പൈലറ്റിനും ചെറിയതോതില്‍ പരിക്കേറ്റു. ഡെമാസിക്ക് ഇടുപ്പിനും പൈലറ്റ് റൊട്ടോണ്ടോയ്ക്ക് തലയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരും ഉടനെ ആശുപത്രി വിടുമെന്നാണ് പ്രതീക്ഷ.