
തിരുവനന്തപുരം : യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ ഡി.വൈ.എഫ്.ഐ - യുവമോർച്ച പ്രവർത്തകർ പൊലീസ് നോക്കിനിൽക്കെ തമ്മിലടിച്ചു. രാത്രി 8ഓടെയായിരുന്നു സംഭവം.
പരശുവയ്ക്കലിൽ കരിങ്കൊടി പ്രതിഷേധവുമായി യുവമോർച്ച പ്രവർത്തകരെത്തിയതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയ ശേഷം അറസ്റ്റുചെയ്യാൻ ശ്രമിക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകരെത്തി. തുടർന്ന് ഇരുസംഘങ്ങളും വടികളുമായി ഏറ്റുമുട്ടുകയായിരുന്നു. പൊലീസും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചേർന്ന് പ്രവർത്തകരെ മർദ്ദിച്ചെന്നാരോപിച്ച് കൂടുതൽ യുവമോർച്ച പ്രവർത്തകർ സ്ഥലത്തെത്തി.
കരിങ്കൊടി കാണിച്ച സംഘത്തിലുള്ള യുവമോർച്ച പ്രവർത്തകൻ തൃപ്പലൂർ വിപിൻ, ഒ ബി സി മോർച്ച ജില്ലാ പ്രസിഡന്റ് മഞ്ചവിളാകം പ്രദീപ്, ബി.ജെ.പി പ്രവർത്തകരായ മൂന്നുപേർ എന്നിവരെ അറസ്റ്റുചെയ്തു. ഇവരെ പൊഴിയൂർ സ്റ്റേഷനിലേയ്ക്ക് മാറ്റി. കൂടുതൽ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ഇവരെ പിന്തിരിപ്പിച്ച് പൊലീസ് സംഘർഷസാദ്ധ്യത ഒഴിവാക്കി.
നെയ്യാറ്റിൻകരയിൽ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ വിവിധയിടങ്ങളിൽ യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി. മുനിസിപ്പൽ സ്റ്റേഡിയത്തിലേക്ക് വരുന്ന വഴി നിംസ് മെഡിസിറ്റിയുടെ സമീപം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. പ്രവർത്തകൻ പുന്നയ്ക്കാട് ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വിനീത് കൃഷ്ണയുടെ നേതൃത്വത്തിൽ തവരവിള റെജി,അനിൽ രാജ്,രതീഷ് ബാബു, അബിൻ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘമാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ കരിങ്കൊടി കാട്ടിയത്.
ബാലരാമപുരം വഴിമുക്ക് ഇന്ത്യൻ കോഫി ഹൗസിനു സമീപം ബസ് കടന്നുപോകുമ്പോൾ കരിങ്കൊടിയുമായി നിന്ന മഹിളാ കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കി. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ഉച്ചയ്ക്ക് ശേഷം നെയ്യാറ്റിൻകര ഗ്രാമത്ത് ക്രിസ്മസ് പരിപാടികൾക്ക് നക്ഷത്രവിളക്കുകൾ തൂക്കുകയായിരുന്ന കോൺഗ്രസ് കൗൺസിലർ ഗ്രാമം പ്രവീണിനെ പൊലീസ് കരുതൽ തടങ്കലിലാക്കി. നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവീണിനെ പൂവാർ സ്റ്റേഷനിലേക്ക് മാറ്റി.
പാറശാലയിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം യുവമോർച്ച പ്രവർത്തകർ കരിങ്കൊടിയുമായി കാത്തു നിന്നിരുന്നു. എന്നാൽ വാഹനങ്ങൾ മറുവശത്തെ റോഡ് വഴി കടന്നുപോയതോടെ പാർക്ക് ജംഗ്ഷനിൽ സദസിനോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന കൂറ്റൻ സ്തൂപം അടിച്ചുതകർത്തു. യുവമോർച്ച നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ യുവമോർച്ച പ്രവർത്തകർക്കെതിരെ നടപടിയെടുത്തില്ലെന്നാരോപിച്ച് പൊലീസുമായി വാക്കുതർക്കത്തിലായി. പിന്നീട് സി.പി.എമ്മിന്റെ പ്രധാന നേതാക്കളെത്തി പ്രവർത്തകരെ അനുനയിപ്പിക്കുകയായിരുന്നു. ഇതിനിടെ സമീപത്തെ ബി.ജെ.പി ഓഫീസിന് നേരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കല്ലെറിഞ്ഞു. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധിച്ചു.