
പാരീസ്: ദുബായിൽ നിന്ന് നികരാഗ്വയിലേക്ക് 303 ഇന്ത്യക്കാരുമായി പറന്ന വിമാനം ഫ്രാൻസിൽ തടഞ്ഞുവച്ചു. മനുഷ്യക്കടത്താണെന്ന സംശയത്തെ തുടർന്നാണ് വിമാനം തടഞ്ഞത്. റൊമേനിയൻ ചാർട്ടർ കമ്പനിയായ ലെജന്റ് എയർലൈൻസിന്റെ വിമാനം വ്യാഴാഴ്ച സാങ്കേതിക തടസത്തെ തുടർന്ന് ഫ്രാൻസിലെ വിമാനത്താവളത്തിൽ ഇറക്കിയിരുന്നു. പിന്നാലെ പൊലീസ് ഇടപെടുകയായിരുന്നു. മനുഷ്യക്കടത്ത് സംശയിക്കുന്നുവെന്നും വിമാനത്തിലെ യാത്രക്കാരെ ചോദ്യം ചെയ്യുകയാണെന്നും ഫ്രാൻസിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
യാത്രികർ മനുഷ്യക്കടത്തിന്റെ ഇരകളാണെന്നാണ് സംശയം. മദ്ധ്യഅമേരിക്ക വഴി യു.എസിലേക്കോ കാനഡയിലേക്കോ അനധികൃത കുടിയേറ്റത്തിന് ഇവർ ലക്ഷ്യമിട്ടിരിക്കാമെന്നും സംശയമുണ്ട്. സംഭവത്തിൽ വിശദ അന്വേഷണം തുടങ്ങിയെന്നും യാത്രക്കാർക്ക് വിമാനത്താവളത്തിൽ സൗകര്യമൊരുക്കിയെന്നും ഫ്രഞ്ച് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഫ്രാൻസിൽ ഔദ്യോഗിക ഏജൻസികൾ അന്വേഷണം ആരംഭിച്ചു.