
വിഴിഞ്ഞം: കോളിയൂർ കൈലിപ്പാറ കോളനിയിലെ ഒരു വീട്ടിൽ എക്സൈസ് സംഘം നടത്തിയ റെയ്‌ഡിൽ ഒന്നേകാൽ കിലോ കഞ്ചാവ്,മാരകായുധങ്ങൾ,നാടൻ ബോംബുകൾ എന്നിവ കണ്ടെടുത്തു. സംഭവത്തിൽ വിഷ്‌ണു എന്ന് വിളിക്കുന്ന സ്റ്റാലിനെ (27) എക്സൈസ് പിടികൂടി കോവളം പൊലീസിൽ ഏല്പിച്ചു.
പിടിച്ചെടുത്ത നാടൻബോംബുകൾ, മാരകായുധങ്ങൾ എന്നിവ കോവളം പൊലീസിന് കൈമാറി.മയക്കുമരുന്നുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാളുടെ ഇളയ സഹോദരൻ നിധിൻ ഒളിവിലാണ്.കഞ്ചാവ് ,വടിവാൾ,കത്തി,കഠാര, 3 നാടൻ ബോംബുകൾ എന്നിവ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തെന്ന് റെയ്‌ഡിന് നേതൃത്വം നൽകിയ തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്.ഷിജു പറഞ്ഞു.രാത്രി വൈകിയും റെയ്ഡ് തുടരുകയാണ്. ബോംബ്,ഡോഗ് സ്ക്വാഡുകളുൾപ്പെടെ സ്‌ഥലത്തെത്തി.സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ റെജികുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ അൽത്താഫ് മുഹമ്മദ്, മണികണ്ഠൻ,വനിതാ സിവിൽ എക്സൈസ് ഓഫീസർ അജ്‌ഞന ജി.നായർ,ഡ്രൈവർ ഷെറിൻ എന്നിവരുൾപ്പെട്ട സംഘമാണ് റെയ്‌ഡ് നടത്തിയത്.