
തൃശൂർ: ചാലക്കുടിയിൽ എസ് എഫ് ഐ - ഡി വെെ എഫ് ഐ പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ചു തകർത്തത് ഹെൽമറ്റ് ധരിക്കാത്തതിന് പിഴയടപ്പിച്ചതിനെന്ന് പൊലീസ് വ്യത്തങ്ങളുടെ റിപ്പോർട്ട്. ഡി വൈ എഫ് ഐ നേതാവ് നിധിൻ പുല്ലനും സംഘവുമാണ് ഇന്നലെ ജീപ്പ് തകർത്തത്.
ഐ ടി ഐ തിരഞ്ഞെടുപ്പ് ജയിച്ചതിന് ശേഷമുള്ള ആഹ്ളാദ പ്രകടനത്തിനിടെ ഡി വെെ എഫ് ഐ പ്രവർത്തകർ ഹെൽമറ്റ് ധരിക്കാതെ ബെെക്കിൽ സഞ്ചരിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസ് പിഴയടപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീപ്പ് അടിച്ചുതകർത്തതെന്നും പൊലീസ് പറഞ്ഞു. ജീപ്പിന്റെ മുൻവശത്തെ ഗ്ലാസാണ് അടിച്ചുതകർത്തത്. പൊലീസുകാർ ജീപ്പിലിരിക്കെയാണ് പ്രവർത്തകർ ജീപ്പിന് മുകളിൽ കയറി അക്രമം അഴിച്ചുവിട്ടത്. ജീപ്പിലുണ്ടായിരുന്ന പൊലീസുകാരെ ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തിന് ശേഷം നിധിൻ പുല്ലനെ പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ സി.പി.എം പ്രവർത്തകർ ചേർന്ന് തടഞ്ഞു. എന്നാൽ ബലംപ്രയോഗിച്ച് നിധിൻ പുല്ലനെ പൊലീസുകാർ കസ്റ്റഡിയിലെടുത്തു. അതിന് ശേഷം ചാലക്കുടി ഏരിയാ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ പ്രതിയെ മോചിപ്പിക്കുകയായിരുന്നു. നിലവിൽ നിധിൻ ഒളിവിലാണ്.
സംഭവത്തിൽ ഡി വെെ എഫ് ഐ ചാലക്കുടി മേഖലാസെക്രട്ടറി ജിയോ കെെതാരൻ ഉൾപ്പെടെ പത്തോളം പേരെ രാത്രി വെെകി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാല് എസ് എഫ് ഐ പ്രവർത്തകരും കസ്റ്റഡിയിലുണ്ട്.