
ഗാന്ധിനഗർ: 63 വർഷമായി പിന്തുടരുകയായിരുന്ന നിയമത്തിൽ മാറ്റം വരുത്തി ഗുജറാത്ത് സർക്കാർ. 1960ൽ സംസ്ഥാനം രൂപീകൃതമായപ്പോൾ മുതൽ പിന്തുടരുകയായിരുന്ന മദ്യനിരോധനത്തിൽ മാറ്റം വരുത്തിയിരിക്കുകയായിരുന്നു സർക്കാർ. ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്- സിറ്റിയിൽ (ഗിഫ്റ്റ്) മദ്യം കഴിക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. ഗാന്ധിനഗറിൽ നിർമിക്കുന്ന ഇന്ത്യയിലെ ആദ്യ സാമ്പത്തിക സേവന കേന്ദ്രമാണ് ഗിഫ്റ്റ്.
സാമ്പത്തിക സേവന രംഗത്ത് സിംഗപൂർ പോലുള്ള വൻകിട രാജ്യങ്ങളുമായി കിടപിടിക്കുന്ന സജ്ജീകരണങ്ങളാണ് ഗിഫ്റ്റിൽ ഒരുക്കിയിരിക്കുന്നത്. പുതിയകാല സേവന കേന്ദ്രങ്ങളുമായും സാങ്കേതിക രംഗങ്ങളുമായും ഒത്തുപോകുന്ന തരത്തിൽ ഗിഫ്റ്റിനെ മാറ്റിയെടുക്കാനുള്ള സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് മദ്യനിരോധനത്തിലെ ഇളവ്. പരമ്പരാഗത സാമ്പത്തിക സേവനങ്ങൾക്കപ്പുറത്തേക്ക് പോകുന്ന ഒരു കേന്ദ്രമായി നഗരത്തെ വികസിപ്പിക്കാനുള്ള പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്.
ആഗോള നിക്ഷേപകർ, സാങ്കേതിക വിദഗ്ദ്ധർ, ദേശീയ- അന്തർദേശീയ കമ്പനികൾ എന്നിവർക്ക് ആഗോള ബിസിനസ് അന്തരീക്ഷം നൽകുന്നതിന് ഗിഫ്റ്റ് സിറ്റി ഏരിയയിൽ 'വൈൻ ആന്റ് ഡൈൻ' സൗകര്യങ്ങൾ അനുവദിക്കുന്നതിന് നിരോധന നിയമങ്ങളിൽ മാറ്റം വരുത്താനുള്ള സുപ്രധാന തീരുമാനം എടുത്തിരിക്കുന്നുവെന്നാണ് നാർകോട്ടിക്‌സ് ആന്ററ് എക്‌സൈസ് വകുപ്പ് വ്യക്തമാക്കുന്നത്.
ഗിഫ്റ്റ് സിറ്റിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും കേന്ദ്രത്തിനുള്ളിൽ മദ്യം കഴിക്കാൻ അനുവദിക്കുന്ന പെർമിറ്റ് നൽകും. ഓരോ കമ്പനിയുടെയും അംഗീകൃത സന്ദർശകർക്ക് ആ കമ്പനിയിലെ സ്ഥിരം ജീവനക്കാരുടെ സാന്നിധ്യത്തിൽ താൽക്കാലിക പെർമിറ്റുള്ള ഹോട്ടലുകളിലോ റസ്റ്റോറന്റുകളിലോ ക്ലബ്ബുകളിലോ മദ്യം കഴിക്കാൻ അനുവദിക്കാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത്തരം ഭേദഗതികളോടെ മുൻനിര അന്താരാഷ്ട്ര കമ്പനികളെ ആകർഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.