us-temple-

ന്യൂയോർക്ക്: കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഖാലിസ്ഥാൻ അനുകൂലികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ശ്രീ സ്വാമി നാരായൺ മന്ദിർ ക്ഷേത്രത്തിന്റെ ചുറ്റുമതിലിന് ചുറ്റും അക്രമികൾ ഗ്രാഫിറ്റി പെയിന്റ് ഉപയോഗിച്ച് നശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തീവ്രവാദിയാണെന്നും 1984ൽ ഒപ്പറേഷൻ ബ്ലൂസ്റ്റാറിൽ കൊല്ലപ്പെട്ട ഖാലിസ്ഥാൻ വിഘടനവാദി ജർണയിൽ സിംഗ് ഭിന്ദ്രൻവാലെ രക്തസാക്ഷിയാണെന്നുമാണ് ഗ്രാഫിറ്റിയിലൂടെ മതിലിൽ കുറിച്ചത്.

ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണം ഇന്ത്യൻ സമൂഹത്തിന് നേരെയുള്ളതാണെന്ന് ക്ഷേത്രത്തിലെ അംഗമായ ചിന്തൻ പാണ്ഡ്യ സിബിഎസ് ന്യൂസിനോട് പറഞ്ഞു. ക്ഷേത്രം തുറന്ന് രണ്ട് വർഷത്തിന് ശേഷം നടക്കുന്ന ആദ്യത്തെ സംഭവമാണിതെന്നും ഇന്ത്യൻ സമൂഹത്തിന് ഇവർ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിന് പിന്നാലെ ആക്രമണത്തെ കുറിച്ച് ചർച്ച ചെയ്യാൻ ക്ഷേത്രം ഭാരവാഹികൾ പ്രത്യേക യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.

ആക്രമണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ന്യൂയോർക്ക് സിറ്റി പൊലീസ് ക്യാപ്റ്റൻ ജോനാഥൻ ആർഗ്യൂലോ അറിയിച്ചു. പിന്നിൽ ആരായാലും ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ സമീപത്തെ വീടുകളിലെ സിസിടിവി ക്യാമറകൾ ഉൾപ്പടെ പരിശോധിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് സാൻഫ്രാൻസിസ്‌കോയിലുള്ള ഇന്ത്യൻ കോൺസുലേറ്റും പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്.

കാലിഫോർണിയയിലെ നെവാർക്കിലുള്ള ശ്രീ സ്വാമിനാരായണ മന്ദിറിലെ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ച് വികൃതമാക്കിയതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നെന്ന് കോൺസുലേറ്റ് പ്രതികരിച്ചു. ഈ സംഭവം ഇന്ത്യൻ സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തി. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്താൻ യുഎസ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കോൺസുലേറ്റ് വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുഎസിലെയും കാനഡയിലെയും ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം പതിവാണ്. ഖാലിസ്ഥാൻ അനുകൂലികളാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.