women-in-kabul

കാബൂൾ: സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാനെന്ന വാദവുമായി പീഡനങ്ങളെ അതിജീവിച്ച സ്ത്രീകളെ ജയിലിലേക്ക് അയച്ച് താലിബാൻ. യു.എൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. അതിജീവിതകൾക്കായി ഉണ്ടായിരുന്ന സർക്കാർ സ്ഥാപിച്ച 23 അഭയകേന്ദ്രങ്ങളും താലിബാൻ അടച്ചുപൂട്ടി.

അതിനാൽ നിലവിൽ രാജ്യത്ത് പുനരധിവാസ കേന്ദ്രങ്ങളില്ല. ഇത്തരം കേന്ദ്രങ്ങളുടെ ആവശ്യമില്ലെന്നും ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ പാശ്ചാത്യ സങ്കൽപ്പങ്ങളാണെന്നും താലിബാൻ വൃത്തങ്ങൾ യു.എന്നിനോട് പറ‌ഞ്ഞു. പിതാവ്, സഹോദരൻ, ഭർത്താവ് എന്നിവരോടൊപ്പമാണ് സ്ത്രീ കഴിയേണ്ടതെന്നും ഇവർ കൂട്ടിച്ചേർത്തു. താലിബാൻ ഭരണത്തിലേറിയതോടെ സ്ത്രീകളുടെ വിദ്യാഭ്യാസം, സഞ്ചാര സ്വാതന്ത്ര്യം എന്നിവ നിഷേധിക്കൽ, രാജ്യത്തിന്റെ പ്രമുഖ സ്ഥാനങ്ങളിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കൽ തുടങ്ങി നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് ഇവിടെ നടക്കുന്നത്.