
ഇനി വരുന്ന രാത്രി വെളുത്താൽ ലോകമാകമാനം പ്രത്യാശയുടെയും സമാധാനത്തിന്റെയും ഉദയം കുറിച്ചതിന്റെ ഓർമ്മദിനം. ഉണ്ണീശോയുടെ തിരുപ്പിറവി ദിനത്തിൽ, ''ദൈവത്തിന് സ്തോത്രം, ദൈവത്തിന് മഹത്വം'' എന്ന് എപ്പോഴും മനസ്സിലുരുവിടുന്ന ഒരു മഹാഭിഷഗ്വരന്റെ ജീവിതം കൂടുതൽ ചൈതന്യവത്താകും. മനസ്സിൽ യേശുനാഥൻ കൂടുതൽ നിറയുന്ന ദിവസമാണല്ലോ ക്രിസ്തുമസ്.
ആത്മാവിന്റെ ചികിത്സകനാകാൻ ആഗ്രഹിച്ച് ആത്മശരീരങ്ങളുടെ ചികിത്സകനായി മാറിയ ഡോ. എം.സി. സിറിയക്കിന്റെ ജീവിത വഴികളിൽ ദൈവ ഇടപെടലുകളുടെ കൈയ്യൊപ്പുണ്ട്. കോട്ടയം അയർക്കുന്നം ക്രിസ്തുരാജ് ആശുപത്രിയിലെ മാനേജിംഗ് ഡയറക്ടർ കൂടിയായ ഡോ. എം.സി. സിറിയക് ആതുരസേവന വഴിയിൽ അരനൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്.
ഡോ. സിറിയക്കിന്റെ പഠനജീവിത വഴികളിൽ കയറ്റിറക്കങ്ങൾ ഒരുപാടുണ്ട്. പാലാ കിടങ്ങൂരിനടുത്ത് ചെമ്പിളാവ് എന്ന കുഗ്രാമത്തിൽ നിന്ന് ബ്രിട്ടീഷ് പാർലമെന്റിന്റെ പ്രൗഢഗംഭീരമായ അകത്തളങ്ങളിലേക്ക് വരെ വളർന്ന വ്യക്തിത്വം. ജീവിതത്തിന്റെ രണ്ടറ്റവും കണ്ട വീട്ടുകാരുടെയും നാട്ടുകാരുടെയും ''ബേബി'' ക്രിസ്തുരാജ് ആശുപത്രിയെന്ന വലിയ പ്രസ്ഥാനം കെട്ടിപ്പടുത്തത് ദൈവകാരുണ്യത്തിന്റെ പിന്തുണയോടെയാണ്.
മൂന്നാംക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ രജിസ്റ്ററിൽ നിന്നും പേര് നീക്കം ചെയ്ത വിദ്യാർത്ഥി... പത്താമത്തെ വയസ്സിൽ തറവാട്ടുവീട്ടിൽ നിന്നുമിറങ്ങി കുടിയാൻ താമസിച്ചിരുന്ന കുടിലിൽ പാർത്ത കുട്ടി.... പതിനഞ്ചാം വയസ്സിൽ പ്രശസ്തമായ നിലയിൽ എസ്.എസ്.എൽ.സി. പാസായി. എല്ലാവരുടെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി പാലാ കോളേജിൽ പഠനം. പിന്നീട് തിരുവനന്തപുരത്ത് മറൈൻ ബയോളജി ആൻഡ് ഓഷ്യാനോഗ്രാഫി ഡിപ്പാർട്ടുമെന്റിൽ ഓഫീസർ. അവിടെ നിന്നും ജീവിത വഴികൾ തിരിഞ്ഞ് 1972 ൽ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഡോക്ടറായി പുറത്തിറങ്ങിയതും ഇതേ സിറിയക്ക് തന്നെ.
പഠിക്കുമ്പോഴെ സിറിയക്
സ്വപ്നം കണ്ടു, സ്വന്തം നാട്ടിൽ
സ്വന്തം ആശുപത്രി
1964 ൽ പാലാ സെന്റ് തോമസ് കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ സിറിയക് സ്വപ്നം കണ്ടിരുന്നു, സ്വന്തം നാട്ടിലൊരാശുപത്രി. ഇരുപത് വർഷങ്ങൾക്ക് ശേഷം അത് യാഥാർത്ഥ്യമായി.
ചേർപ്പുങ്കൽ മാർ സ്ലീവാ ഇടവകയിൽ പയ്യാനിമണ്ഡപത്തിൽ കുര്യൻ ജോസഫിന്റെയും ശോശമ്മയുടെയും മകനാണ് ഡോ. സിറിയക്. താൻ ഡോക്ടറാകണമെന്നും ആശുപത്രി സ്ഥാപിക്കണമെന്നും തന്നേക്കാൾ കൂടുതൽ ആഗ്രഹിച്ചത് അമ്മ ശോശാമ്മായായിരുന്നുവെന്ന് പറയുമ്പോൾ ഡോ. സിറിയക്കിന്റെ മിഴികൾ നിറയും.
ഡോക്ടറെ തേടിയെത്തി നിരവധി
പുരസ്കാരങ്ങൾ
കഴിഞ്ഞ അരനൂറ്റാണ്ടിനപ്പുറത്തെ സേവനത്തിനിടെ ഇരുപതോളം പുരസ്കാരങ്ങളാണ് ഡോ. സിറിയക്കിനെ തേടിയെത്തിയത്. ഏറ്റവും ഒടുവിൽ ബ്രിട്ടീഷ് അന്താരാഷ്ട്ര അവാർഡും. സാമൂഹിക പ്രതിബദ്ധതയോടെ ഗ്രാമീണ മേഖലയിൽ നിസ്വാർത്ഥമായി നടത്തുന്ന ആരോഗ്യകുടുംബക്ഷേമ പ്രവർത്തനങ്ങളും സേവനങ്ങളും അടിസ്ഥാനമാക്കിയുള്ള അവാർഡ് ബ്രിട്ടീഷ് പാർലമെന്റിൽ നിന്നാണ് ഡോ. സിറിയക് ഏറ്റുവാങ്ങിയത്. ശ്രീലങ്കയിലെ ഓപ്പൺ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുടെ സ്റ്റാർ ഒഫ് ഏഷ്യ പുരസ്കാരവും കൊളംബോയിലെ മെഡിസിന ആൾട്ടർനേറ്റീവയുടെ നൈറ്റ്ഹുഡ് പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചു. പാവപ്പെട്ട ഭവനരഹിതരായ ആയിരക്കണക്കിന് ആളുകൾക്ക് കിടപ്പാടമൊരുക്കാൻ കൈമെയ് മറന്ന് സഹായിച്ച, ഇപ്പോഴും സഹായിച്ചു കൊണ്ടിരിക്കുന്ന വ്യക്തിത്വമാണ് ഡോ. എം.സി. സിറിയക്കിന്റേത്.
എല്ലാവർക്കും നീതി കിട്ടുന്ന
ദൈവരാജ്യം സ്വപ്നം
''അനന്തകാരുണ്യമായ ദൈവത്തെ എന്റെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്നത്. പലർക്കും അത് ജീവിത വെളിച്ചമായി മാറിയിട്ടുണ്ട് എന്നുള്ളത് ദൈവത്തിന്റെ തന്നെ കാരുണ്യമാണ്. എന്നെ, തമ്പുരാൻ അതിന് നിമിത്തമായി മാറ്റിയെന്ന് മാത്രം. ദൈവത്തിന്റെ നീതി, സമാധാനം, സന്തോഷം എന്നിവ ഉൾക്കൊള്ളുന്ന ദൈവരാജ്യത്തിന്റെ പദവിയാകണം എല്ലാ ജീവജാലങ്ങളുടെയും മനസ്സിലുണ്ടാകേണ്ടത് "". ക്രിസ്തുരാജ് ആശുപത്രിയുടെ പൂമുഖത്ത് തയ്യാറാക്കിയ മനോഹരമായ പുൽക്കൂട്ടിൽ ഉണ്ണീശോയുടെയും മാലാഖമാരുടെയും മറ്റ് വിശുദ്ധരുടെയും അരുകിലിരുന്ന് ഡോ. എം.സി. സിറിയക് ''കേരള കൗമുദി""യോട് പറഞ്ഞു.
മനുഷ്യന് അസാധ്യമായത്
ദൈവത്തിന് സാധ്യം
''മനുഷ്യനാൽ അസാധ്യമായത് ദൈവത്താൽ സാധ്യമാണെന്ന"" ദൈവവചനത്തിന്റെ അടിത്തറയിലാണ് ഡോ. എം.സി. സിറിയക്കിന്റെ ജീവിതം. അദ്ദേഹം എഴുതിയ ജീവിതകഥാ പുസ്തകത്തിന്റെ പേരും ഇതുതന്നെ; ''മനുഷ്യനാൽ അസാധ്യമായത് ദൈവത്താൽ സാധ്യം""! സകലജനവും തന്റെ സൃഷ്ടാവിനെ അറിയണമെന്നും ആ സൃഷ്ടാവിനെ ആരാധിക്കണമെന്നും അവിടുന്നിൽ പൂർണ്ണമായി ആശ്രയിക്കണമെന്നും അവിടുത്തെ ഹിതമനുസരിച്ച് ജീവിക്കണമെന്നുമാണ് ഡോ. സിറിയക്കിന്റെ ജീവിതസാക്ഷ്യം.
ഗായകനും ഗാനരചയിതാവുമാണീ
ആതുരശുശ്രൂഷകൻ
പണ്ട് സിനിമയ്ക്ക് പാട്ടെഴുതാൻ ഡോ. എം.സി. സിറിയക്കിനെ ക്ഷണിച്ചതാണ്. അതിന് മുമ്പ് അദ്ദേഹമെഴുതിയ നിരവധി ലളിതഗാനങ്ങളും മറ്റും കണ്ടായിരുന്നു സിനിമാക്കാരുടെ ക്ഷണം. പക്ഷേ സിനിമാപാട്ടുകളേക്കാൾ യേശുനാഥന്റെ സ്തുതിഗീതികൾ എഴുതാനായിരുന്നു ഡോ. സിറിയക്കിന്റെ നിയോഗം. ഇതിനോടകം അമ്പതോളം ഭക്തിഗാനങ്ങൾ എഴുതിയിട്ടുള്ള ഇദ്ദേഹം നല്ലൊരു ഗായകനുമാണ്. അമ്മ ശോശാമ്മ വഴിയാണ് ഡോ. സിറിയക്കിലേക്ക് സംഗീതമെത്തിയത്. അക്കാലത്ത് അമ്മ ഹാർമോണിയം വായിച്ചിരുന്നു. മനോഹരമായി പാടുകയും ചെയ്തിരുന്നു. ക്രൈസ്തവ സഭാപിതാക്കൻമാരൊക്കെ ഇരുന്ന പല വേദികളും അമ്മ പാടിയിട്ടുണ്ടെന്ന് ഡോ. സിറിയക് ഓർമ്മിക്കുന്നു.
താനെഴുതിയ പാട്ടുകൾക്ക് സംഗീതം കൊടുത്ത് പാടിയതും ഡോ. സിറിയക്ക് തന്നെയാണ്. വിവിധ ഭക്തിഗാന സി.ഡികളും പുറത്തിറക്കിയിട്ടുണ്ട്. മക്കളായ ജോസും സൂസന്നയും ജെയിംസും സംഗീത രംഗത്ത് ഏറെ ശ്രദ്ധേയരായവരാണ്. മൂന്നുപേരും നന്നായി പാടും.
ഡോ. സിറിയക്കിന്റെ കുടുംബം
ഭാര്യ ഡോ. മേരിക്കുട്ടി കോട്ടയം മെഡിക്കൽ കോളേജിൽ കാൽനൂറ്റാണ്ട് ഗൈനക്കോളജി വിഭാഗത്തിൽ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ ക്രിസ്തുരാജ് ആശുപത്രിയിൽ ചീഫ് ഗൈനക്കോളജിസ്റ്റാണ്. അമ്പലപ്പുഴയിലെ പ്രമുഖ കുടുംബമായ കടമ്പുങ്കരി ജെ. ജോസഫ് ബി.എ.ബി.എൽന്റെയും ബ്രിജിത്ത് ജോസഫിന്റെയും മകളാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസും ഡി.ജി.ഒയും കഴിഞ്ഞ് 1975 ൽ കോട്ടയം മെഡിക്കൽ കോളേജിൽ ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ച ഡോ. മേരിക്കുട്ടി 25 വർഷം സേവനം ചെയ്ത് പ്രൊഫസറായി വിരമിച്ചു. ആയിരക്കണക്കിന് ഡോക്ടർമാരുടെ ഗുരുവാണ്.
ഡോ. സിറിയക്ക് - ഡോ. മേരിക്കുട്ടി ദമ്പതികളുടെ മക്കളിൽ മൂത്തയാൾ ജോസ് മറൈൻ എൻജിനിയറാണ്. ഭാര്യ ഡോ. ബിസി ചേർപ്പുങ്കൽ മാർ സ്ലീവാ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്നു. ജോ ആൻ, ജെസിലിൻ, സിറിയക് ജോസ് പയ്യാനി എന്നിവരാണ് ഇവരുടെ മക്കൾ.
മകൾ സൂസന്ന യു.എസ്.എയിൽ ഡോക്ടറാണ്. മരുമകൻ ടോം മാത്യുവും യു.എസ്.എയിൽ ജോലി ചെയ്യുന്നു. മാത്യു, സിറിൾ, ദാനിയേൽ, ഫെൽസി, മരിയ എന്നിവരാണ് മക്കൾ. ഇളയമകൻ ജെയിംസ് ചേർപ്പുങ്കൽ മാർ സ്ലീവാ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ അനസ്ത്യേഷ്യ വിഭാഗം ഡോക്ടറാണ്. ഇദ്ദേഹത്തിന്റെ ഭാര്യ ഡോ. മഞ്ചി മുണ്ടൻകുന്ന് ഗവ. ആശുപത്രിയിലെ ഇ.എൻ.ടി. ഡോക്ടറാണ്. എമി, സൈറ, അലക്സാ, സിറിയക് ജെയിംസ് എന്നിവരാണ് മക്കൾ.