
ഫ്ലോറിഡ: 70ാം വയസിൽ ജ്ഞാനസ്നാനം സ്വീകരിച്ച് ഡബ്ല്യു.ഡബ്ല്യു.ഇ താരവും മുൻ ഹെവിവെയ്റ്റ് ചാമ്പ്യനുമായ ഹൾക്ക് ഹോഗൻ. ബുധനാഴ്ച സമൂഹമാദ്ധ്യമങ്ങളിലെ കുറിപ്പിലൂടെയാണ് ജീവിതത്തിലെ ഏറ്റവും പുതിയ മാറ്റത്തെക്കുറിച്ച് ഹൾക്ക് ഹോഗൻ വിശദമാക്കിയത്. ജീവിതത്തിലെ ഏറ്റവും വലിയ ദിനം, ക്രിസ്തുവിന് മുന്നിൽ പൂർണമായി കീഴടങ്ങുന്നുവെന്നാണ് വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ച് ഹൾക്ക് കുറിക്കുന്നത്. ആശങ്കകളില്ല, വിദ്വേഷമില്ല, മുൻധാരണകളില്ല സ്നേഹം മാത്രം എന്നും വീഡിയോ പോസ്റ്റിൽ പറയുന്നു.
ഹൾക്ക് ഹോഗന്റെ ഭാര്യ സ്കൈ ഡെയിലി ഹോഗനും ജ്ഞാനസ്നാനം സ്വീകരിച്ചു. ഫ്ലോറിഡയിലെ ഇന്ത്യൻ റോക്ക്സ് ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ വച്ചുള്ള ചടങ്ങിന് വെള്ള നിറത്തിലെ വസ്ത്രങ്ങളും വെള്ളി കുരിശുമാണ് ഹോഗൻ ധരിച്ചിരുന്നത്.
ഈ വർഷം ജനുവരിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഹൾക്ക് ഹോഗന് അരയ്ക്ക് കീഴ്പ്പോട്ടുള്ള ചലനശേഷി നഷ്ടമായതായി റെസ്ലിംഗ് താരം കുർട്ട് ആംഗിൾ വിശദമാക്കിയിരുന്നു. അരയ്ക്ക് താഴേയ്ക്കുള്ള ഞരമ്പുകളിൽ അടുത്തിടെ നടന്ന ശസ്ത്രക്രിയയിൽ പൊട്ടലുണ്ടായെന്നും നിലവിൽ ഹൾക്ക് ഹോഗന് അരയ്ക്ക് താഴേയ്ക്കുള്ള ചലനങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും കുർട്ട് പറഞ്ഞിരുന്നു.ഡബ്ല്യു.ഡബ്ല്യു.ഇ റെസ്ലിംഗ് താരമായിരുന്ന ഹൾക്ക് ഹോഗന്റെ യഥാർത്ഥ പേര് ടെറി ജീൻ ബോള്ളി എന്നാണ്. 1982ലാണ് ഹൾക്ക് ഹെവി വെയ്റ്റ്ലിഫ്റ്റിംഗ് രംഗത്തേക്ക് എത്തുന്നത്.