
റഷ്യ: സെലിബ്രിറ്റികൾ അർദ്ധ നഗ്നരായി എത്തിയതോടെ മോസ്‌ക്കോയിലെ നൈറ്റ് ക്ലബ്ബായ മുതാബോറിൽ നടന്ന പാർട്ടി വിവാദത്തിൽ.
മാദ്ധ്യമ പ്രവർത്തകയായ അനസ്താസിയ ഇവ്ലീവയാണ് പാർട്ടി സംഘടിപ്പിച്ചത്. പോപ്പ് താരങ്ങളായ ഫിലിപ്പ് കിർകൊറോവ്, ലോലിത, ദിമ ബിലാൻ, ടിവി അവതാരകയും 2018ലെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായിരുന്ന സെനിയ സൊബാക്ക് തുടങ്ങിയവരാണ് പാർട്ടിയിൽ പങ്കെടുത്തത്. പാർട്ടിക്കെതിരെ റഷ്യയിലെ രാഷ്ട്രീയനേതാവ് മരിയ ബുട്ടിന ഉൾപ്പെടെയുള്ളവരാണ് രംഗത്തെത്തിയത്. റഷ്യയുടെ പരമ്പരാഗതമായ മൂല്യങ്ങൾ വിശദീകരിക്കുന്ന ഉത്തരവ് ഈ പാർട്ടി ലംഘിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ റഷ്യയുടെ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബുട്ടിന സമൂഹ്യ മാദ്ധ്യമമായ എക്സിൽ കുറിച്ചു. ഇതിനെതിരെ പ്രതികരണവുമായി ഇവ്ലീവയും രംഗത്തെത്തിയിട്ടുണ്ട്.