
ചലചിത്ര സംഘടനയായ അമ്മ നിർമ്മിച്ച് നൽകിയ അക്ഷര വീട്ടിൽ സഹോദരങ്ങളുടെ അവഗണന നിമിത്തം അരക്ഷിതാവസ്ഥയിലാവുകയും താമസിക്കുവാൻ കഴിയാതെ വീട് വിട്ടിറങ്ങിയ നടി ബീന കുമ്പളങ്ങിക്ക് അടൂർ മഹാത്മ ജനസേവന കേന്ദ്രം അഭയമൊരുക്കും. കൊടുമൺ കുളത്തിനാലിൽ പ്രവർത്തിക്കുന്ന മഹാത്മ ജീവകാരുണ്യ ഗ്രാമത്തിലേക്കാണ് ബീനയെ എത്തിച്ചത്. ഇന്നലെ മഹാത്മ ജനസേവന കേന്ദ്രം രക്ഷാധികാരിയും ജീവകാരുണ്യ പ്രവർത്തകയും ചലചിത്ര നടിയുമായ സീമ ജി നായർ, മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല , സെക്രട്ടറി പ്രീഷിൽഡ ആന്റണി, മഹാത്മ ലീഗൽ അഡ്വൈസർ അഡ്വ. മുജീബ് റഹ്മാൻ എന്നിവർ കൊച്ചിയിലെത്തി ബീനയുടെ സംരക്ഷണം ഏറ്റെടുത്തു.
രാവിലെ 10.30 ന് പള്ളുരുത്തി പൊലിസ് സ്റ്റേഷനിൽ എത്തി തന്റെ വീട് കൈവശപ്പെടുത്താൻ ശ്രമിക്കുന്നവർക്കും തന്റെ ജീവിതത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചവർക്കുമെതിരെ പരാതി നൽകിയിരുന്നു. കൂടാതെ തന്റെ സുരക്ഷിതമായ ജീവിതത്തിന് അടൂർ മഹാത്മയിൽ അഭയം തേടുന്ന വിവരം പൊലീസിൽ റിപ്പോർട്ട് ചെയ്ത ശേഷമാണ് അടൂരിലേക്ക് പോയത്. അമ്മ നിർമ്മിച്ച് നൽകിയ വീട്ടിൽ സമാധാനത്തോടെ താമസിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് ബിന പറയുന്നു.
സഹോദരങ്ങളുടെ മാനസിക പീഡനം സഹിക്കവയ്യാതെ വന്നതോടെയാണ് ബീന സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയത്. ചലച്ചിത്ര താരം സിമ ജി നായരെ വിളിച്ചതോടെയാണ് അഗതി മന്ദിരത്തിലേക്കുള്ള വഴി തെളിഞ്ഞത്. അമ്മ സംഘടന നിർമ്മിച്ച് നൽകിയ വീട് എഴുതി നൽകണമെന്നാണ് സഹോദരങ്ങൾ ആവശ്യപ്പെട്ടത്. തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും ബീന പറഞ്ഞു.
ബലപ്രയോഗത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് ബീന സീമ ജി നായരെ വിളിച്ചത്. സീമയെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ താൻ ജീവനൊടുക്കുമായിരുന്നെന്നും ബിന പറയുന്നത്. 'എനിക്ക് ഒട്ടും പറ്റാത്ത അവസ്ഥയായിരുന്നു. ആത്മഹത്യയുടെ വക്കിൽ എത്തിയപ്പോഴാണ് സീമയെ വിളിച്ചത്. സീമ ഇടപെട്ട് തന്നെ എവിടെയെങ്കിലും നിർത്തിത്തരാമെന്ന് പറഞ്ഞു'- ബീന മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. 2021ൽ ആണ് അമ്മ സംഘടന നിർമ്മിച്ച് നൽകിയ അക്ഷര വീടിന്റെ താക്കോൽ സംഘടനയുടെ പ്രസിഡന്റ് കൂടിയായ നടൻ മോഹൻലാൽ ബീന കുമ്പളങ്ങിക്ക് കൈമാറിയത്. കൊച്ചി അമ്മ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു.