
തിരുവനന്തപുരം: ഡിജിപി ഓഫീസിലേയ്ക്ക് കെപിസിസി നടത്തിയ മാർച്ചിനിടെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ ഒറ്റയാൾ പോരാട്ടം. നവകേരള ബസ് കടന്നുപോകുന്ന വഴിയിൽ കറുത്ത വസ്ത്രങ്ങളിഞ്ഞാണ് ചാണ്ടി ഉമ്മൻ പ്രതിഷേധിക്കുന്നത്.
തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിന് സമീപം കസേരയിട്ടിരുന്ന് ഒറ്റയാൾ പ്രതിഷേധം നടത്തുകയാണ് ചാണ്ടി ഉമ്മൻ. പ്രതിഷേധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. സമീപത്ത് പൊലീസുകാരും നിലയുറപ്പിച്ചിട്ടുണ്ട്.
കെഎസ്‌യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ പൊലീസിന്റെയും സിപിഎമ്മിന്റെയും ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഡിജിപി ഓഫീസിലേക്ക് കെപിസിസി മാർച്ച് നടത്തിയത്. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പ്രതിഷേധ മാര്‍ച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ഉദ്ഘാടനം ചെയ്തത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറാൻ ശ്രമിച്ചു. ഇതിന് പിന്നാലെ പൊലീസ് ജലപീരങ്കിയും ടിയർ ഗ്യാസുകൾ പ്രയോഗിക്കുകയായിരുന്നു. പൊലീസിന് നേരെ വനിതാ നേതാക്കൾ അടക്കം കല്ലേറ് നടത്തി.
കോൺഗ്രസ് നേതാക്കൾ സംസാരിച്ച വേദിയുടെ പിന്നിലാണ് ടിയർ ഗ്യാസുകൾ വന്നുവീണത്. തുടർന്ന് വിഡി സതീശൻ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കെ സുധാകരനെ ആശുപത്രിയിലേയ്ക്ക് മാറ്റി. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെ സ്ഥലത്ത് നിന്ന് പ്രവർത്തകർ മാറ്റി. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് നടപടിയെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതോടെ മുതിർന്ന നേതാക്കൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. സമാധാനപരമായ മാർച്ച് ആരംഭിക്കുന്നതിന് മുൻപ് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചെന്ന് കൊടിക്കുന്നിൽ സുരേഷ് എം പിയും ശശി തരൂർ എംപിയും ആരോപിച്ചു.