
കോഴിക്കോട്: സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിൽ കൊവിഡ് കേസുകളിൽ വലിയ വർദ്ധനവുണ്ടാകുന്നതായി റിപ്പോർട്ട്. നിത്യേന ശരാശരി ആയിരത്തിലേറെപ്പേരാണ് പനി ബാധിതരായി ചികിത്സ തേടുന്നത്.
ഈ മാസം മാത്രം 25,155 പേരാണ് ചികിത്സ തേടിയത്. ഇതിൽ 202 പേർക്ക് കിടത്തി ചികിത്സ നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊവിഡ് പോസിറ്റീവായി 26 പേരാണ് ചികിത്സ തേടിയത്. ജില്ലയിൽ രണ്ട് കൊവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 1174, 1247, 1052 എന്നിങ്ങനെയാണ് പനിയെത്തുടർന്ന് ചികിത്സ തേടിയവരുടെ കണക്ക്. 16 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. പനിയ്ക്ക് പുറമേ വയറിളക്കം, ചിക്കൻപോക്‌സ്, മഞ്ഞപ്പിത്തം എന്നിവയ്ക്ക് ചികിത്സയ്ക്കായി എത്തുന്നവർ നിരവധിയാണ്. കുട്ടികളിൽ മുണ്ടിനീരും വ്യാപകമാവുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ 1572 കുട്ടികളിലാണ് മുണ്ടിനീര് കണ്ടെത്തിയത്.
രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ ഏറിയ പങ്കും കേരളത്തിൽ നിന്നുള്ളതാണ്. രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ജെഎഎൻ വൺ കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
രോഗം തടയാൻ കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായ ശ്രമം നടത്തണമെന്നും, രോഗ ലക്ഷണങ്ങൾ കാണുന്നവരെ നിരീക്ഷിക്കാനും തീവ്രമായി രോഗം ബാധിക്കുന്നവർക്ക് യഥാസമയം വേണ്ട ചികിത്സ ലഭ്യമാക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. കൂടുതൽ പരിശോധന നടത്താൻ ഉന്നതതല യോഗത്തിൽ സംസ്ഥാനങ്ങളോട് കേന്ദ്രമന്ത്രി നിർദേശിച്ചിട്ടുണ്ട്.