
കൊച്ചി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ വിമാനങ്ങളുടെ നിരയിൽ എയർ ബസ് എ350-900 ഉൾപ്പെടുത്തി ചരിത്രം സൃഷ്ടിക്കുന്നു. ഇന്ത്യൻ ആകാശത്തിലെ ആദ്യ എയർ ബസ് എ350-900 അടുത്ത വർഷം ജനുവരി മുതൽ ആഭ്യന്തര സെക്ടറുകളിൽ പറക്കൽ നടത്തും. ജീവനക്കാർക്ക് വിമാനത്തിലെ സൗകര്യങ്ങൾ പരിചിതമാക്കുന്നതിനാണ് തുടക്കത്തിൽ ആഭ്യന്തര സർവീസുകൾ നടത്തുന്നത്.
ഉയർന്ന നിലവാരമുള്ള ത്രി ക്ളാസ് കാബിൻ കോൺഫിഗറേഷനുള്ള എയർ ബസ് എ350-900 വിമാനത്തിൽ 316 സീറ്റുകളുണ്ട്. പുതിയ എയർ ബസ് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തി.
എയർ ഇന്ത്യയിലെ ആഗോള മേഖലയിലെ മുൻനിര വിമാന കമ്പനിയായി പരിവർത്തനം നടത്തുന്ന നടപടികളുടെ ഭാഗമായാണ് എയർ ബസ് എ350-900 സർവീസ് തുടങ്ങുന്നത്. അടുത്ത ഘട്ടത്തിൽ ദീർഘ ദൂര സെക്ടറുകളിൽ സേവനം ആരംഭിക്കും. വാണിജ്യ ഓപ്പറേഷന്റെ ഷെഡ്യൂൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.
എയർ ഇന്ത്യയുടെ ചരിത്രത്തിലെ അഭിമാനകരമായ നിമിഷമാണിതെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ കാമ്പ്ബെൽ വിൽസൺ പറഞ്ഞു. ഇന്ത്യൻ വ്യോമയാന വിപണിയിൽ പുതിയ സ്റ്റാൻഡേർഡുകൾ നിശ്ചയിക്കുന്നതിനുള്ള ശ്രമം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയർലൈനിന്റെ ഗ്രൗണ്ട് സ്റ്റാഫിനും എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർക്കുമുള്ള യൂണിഫോമുകൾ അടുത്ത ദിവസം നിശ്ചയിക്കും.
പുതിയ ഇരുപത് എയർ ബസ് എ500-900 വാങ്ങാനാണ് എയർ ഇന്ത്യ കരാർ നൽകിയിട്ടുള്ളത്. അടുത്ത മാർച്ചിന് മുൻപ് അഞ്ച് എയർ ബസ് എ500-900 ഇന്ത്യയിലെത്തും.
അത്യാധുനിക സൗകര്യങ്ങൾ
28 സ്വകാര്യ ബിസിനസ് ക്ളാസ് സ്യൂട്ട്സ്
24 പ്രീമിയം ഇക്കണോമി ക്ളാസ് സീറ്റുകൾ
എല്ലാ സീറ്റുകളിലും ആധുനിക പാനാസോണിക് ഇ.എക്സ്3 എന്റർടെയിൻമെന്റ് സിസ്റ്റം
എല്ലാ സീറ്റുകളിലും എച്ച്.ഡി സ്ക്രീനുകൾ
എയർ ഇന്ത്യയുടെ ചരിത്രത്തിലെ അഭിമാനകരമായ നിമിഷമാണിത്. ആഗോള വിമാന സേവനങ്ങൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ എയർ ഇന്ത്യ പ്രതിജ്ഞാബന്ധമാണ്.
കാമ്പ്ബെൽ വിൽസൺ
മാനേജിംഗ് ഡയറക്ടർ ആൻഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ
എയർ ഇന്ത്യ