
ടെഹ്റാൻ: ഇക്കൊല്ലത്തെ സമാധാന നൊബൽ ജേതാവ് ഇറാനിയൻ ആക്ടിവിസ്റ്റ് നർഗീസ് മുഹമ്മദിക്കെതിരെ പുതിയ കേസിൽ ഇറാൻ വിചാരണ തുടങ്ങുന്നു. ചൊവ്വാഴ്ച ടെഹ്റാനിലെ റെവല്യൂഷണറി കോടതിയിലാണ് വിചാരണ ആരംഭിക്കുന്നത്. എവിൻ ജയിലിൽ കഴിയുന്ന നർഗീസിനെ ടെഹ്റാനു പുറത്തുള്ള ഏതെങ്കിലും ജയിലിലേക്ക് മാറ്റാനുള്ള സാദ്ധ്യതയുണ്ടെന്നും രഹസ്യാന്വേഷണ മന്ത്രാലയം ഇതിന് അനുമതി തേടിയെന്നും കുടുംബം പറഞ്ഞു.
നർഗീസ് മുഹമ്മദിക്ക് വേണ്ടി മക്കളായ അലി, കിയാന റഹ്മാനി എന്നിവരായിരുന്നു പുരസ്കാരം ഏറ്റുവാങ്ങിയത്. അതിനുപിന്നാലെയാണ് പുതിയ വിചാരണ. എന്നാൽ, പുതിയ കുറ്റങ്ങളെന്താണെന്ന് വ്യക്തമല്ല. ജയിലിൽ നടത്തിയ പ്രതിഷേധങ്ങളാകാം കാരണമെന്നാണ് കരുതുന്നത്. ജയിലിലെ പ്രവൃത്തികളുടെ പേരിൽ മൂന്നാംതവണയാണ് നർഗീസ് വിചാരണ നേരിടുന്നത്.
51-കാരിയായ ഇവർ 2021 നവംബർ മുതൽ ജയിലിലാണ്. കഴിഞ്ഞ ഇരുപതുവർഷത്തിനിടെ 13 തവണയാണ് നർഗീസിനെ ഇറാൻ ഭരണകൂടം അറസ്റ്റുചെയ്തത്. അഞ്ചുകേസുകളിലായി 31 വർഷം തടവും 154 ചാട്ടവാറടിയും ശിക്ഷയായി വിധിച്ചു.