
ലോക ക്ലബ് ലോകകപ്പിൽ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻമാർ
ജിദ്ദ: ലോകക്ലബ് ലോകകപ്പ് കിരീടവും സ്വന്തമാക്കി 2023ൽ നേട്ടങ്ങളുടെ നെറുകയിലെത്തി ഇംഗ്ലീഷ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി. ജിദ്ദയിൽ നടന്ന ക്ലബ് ലോകകപ്പ് ഫൈനലി ബ്രസീലിയൻ ക്ലബ് ഫ്ലൂമിനൻസിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തരിപ്പണമാക്കിയാണ് സിറ്റി ഈ വർഷത്തെ അഞ്ചാം കിരീടത്തിൽ മുത്തമിട്ടത്. സിറ്റിയുടെ അർജന്റീനൻ സ്ട്രൈക്കർ ജൂലിൻ അൽവാരസിന്റെ റെക്കാഡ് ഗോളുൾപ്പെടെ ഇരട്ട ഗോളുമായി കളം നിറഞ്ഞു.ഫിൽ ഫോഡൻ ഒരു ഗോൾ നേടിയപ്പോൾ ഫ്ലുമിനൻസ് താരം നിനോയുടെ വകയായി കിട്ടിയ സെൽഫ് ഗോളും സിറ്റിയുടെ അക്കൗണ്ടിലെത്തി.
മത്സരത്തിന്റെ ഒന്നാം മിനിട്ടിൽ തന്നെ അൽവാരസ് സിറ്റിയ്ക്ക് ലീഡ് നേടിക്കൊടുത്തു. ക്ലബ് ലോകകപ്പ് ഫൈനലിലെ ഏറ്റവും വേഗമേറിയ ഗോളാണിത്. നതാൻ ആകെയുടെ ലോംഗ് റേഞ്ചർ പോസ്റ്റിൽ തട്ടി തെറിച്ചെത്തിയത് ഗോൾ മുഖത്തുണ്ടായിരുന്ന അൽവാരസിനടുത്തേക്കാണ്. സമയമൊട്ടും പാഴാക്കാതെ ഞൊടിയിടയിൽ അൽവാരസ് നെഞ്ച് കൊണ്ട് പന്ത് വലയ്ക്കകത്താക്കുകയായിരുന്നു. 27-ാം മിനിട്ടിലാണ് ഗോളിലേക്കുള്ള ഷോട്ട് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ഫ്ലുമിനൻസിന്റെ നിനോയുടെകാലിൽ തട്ടി പന്ത് സ്വന്തം വലയിൽ കയറിയത്. 72-ാം മിനിട്ടിൽ ക്ലോസ് റേഞ്ചിൽ നിന്ന് ഫോഡൻ സ്റ്റിയുടെ ലീഡ് മൂന്നാക്കി ഉയർത്തി. 88-ാം മിനിട്ടിൽ തകർപ്പൻ വലങ്കാലൻ ഷോട്ടിലൂടെ അൽവാരസ് സിറ്റിയുടെ ജയം ഉറപ്പിച്ചു.
ഫൈവ് സ്റ്റാർ സിറ്റി
ഈ വർഷം സിറ്റിയുടെ അഞ്ചാം കിരീട നേട്ടമാണ്. ഇംഗ്ലീഷ് പ്രിമിയർ ലീഗ്, യൂറോപ്യൻ ചാമ്പ്യൻസ് ലീഗ്, എഫ്.എ കപ്പ്,യു.ഇ.എഫ്.എ സൂപ്പർ കപ്പ്, എന്നിവയ്‌ക്കൊപ്പം ഇപ്പോൾ ക്ലബ് ലോകകപ്പ് കീരീടവും സിറ്റി സ്വന്തമാക്കി.
ആദ്യമായാണ് സിറ്റി ക്ലബ് ലോകകപ്പ് ചാമ്പ്യൻമാരാകുന്നത്.
ക്ലബ് ലോകകപ്പ് കിരീടം തവണ നേടുന്ന ആദ്യ പരിശീലകനായി പെപ് ഗാർഡിയോള. മൂന്ന് ക്ലബുകൾക്കൊപ്പമാണ് ഗാർഡിയോള ക്ലബ് ലോകകപ്പ് കീരീടം നേടിയത്. ബാഴ്സലോണയ്‌ക്കൊപ്പം രണ്ട് തവണ ഈ കിരീടം ഉയർത്തിയ പെപ് ബയേൺ മ്യൂിക്കിനും ഇപ്പോൾ സിറ്റിക്കൊപ്പവും ഓരോ തവണവീതവും ക്ലബ് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടു.
1-ഒന്നാം മിനിട്ടിൽ തന്നെ സ്കോർ ചെയ്ത ജൂലിയൻ അൽവാരസ് ക്ലബ് ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളിന്റെ ഉടമയായി.