
തൃശൂർ: ചാലക്കുടിയിൽ സംഘർഷത്തിന് പിന്നാലെയുണ്ടായ പ്രതിഷേധ പ്രകടനത്തിനിടെ എസ്.ഐയ്‌ക്കെതിരെ ഭീഷണി പ്രസംഗവുമായി എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി നേതാവ്. ചാലക്കുടി സബ് ഇൻസ്‌പെക്‌ടർ അഫ്‌സലിനെതിരെയാണ് എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം ഹസൻ മുബാറക്ക് ആക്രമിക്കുമെന്ന് സൂചന നൽകി പ്രസംഗിച്ചത്. 'കുട്ടികളോട് ഇങ്ങനെ പെരുമാറിക്കഴിഞ്ഞാൽ രണ്ടുകൈയും കാലും തല്ലിയൊടിക്കും. വിയ്യൂരിൽ കിടന്നാലും കണ്ണൂരിൽ കിടന്നാലും പൂജപ്പുര കിടന്നാലും ഞങ്ങൾക്കത് പുല്ലാണ്. ഏതെങ്കിലും ജയിൽ കാണിച്ചോ ലാത്തികാണിച്ചോ എസ്‌എഫ്ഐയെ തടയാമെന്ന് വിചാരിച്ചാൽ നിങ്ങൾ മണ്ടന്മാരുടെ സ്വർഗത്തിലാണ്.' ഹസൻ മുബാറക്ക് പറഞ്ഞു.
എസ്.ഐ. അഫ്‌സലിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക, പൊലീസ് നരനായാട്ടിൽ പ്രതിഷധിക്കുക എന്നീ മുദ്രാവാക്യങ്ങളുമായാണ് എസ്.എഫ്.ഐ ചാലക്കുടിയിൽ പ്രതിഷേധ പ്രകടനം നടത്തിയത്. ഇതിനിടെയാണ് ഭീഷണി പ്രസംഗം ഹസൻ മുബാറക്ക് നടത്തിയത്. ചാലക്കുടിയിൽ സർക്കാർ ഐ.ടി.ഐയിൽ തിരഞ്ഞെടുപ്പ് നടന്നതുമായി ബന്ധപ്പെട്ട് എബിവിപി-എസ് എഫ് ഐ സംഘർഷം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായി തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ എസ്.എഫ്.ഐ പ്രവർത്തകർ കഴിഞ്ഞദിവസം പൊലീസ് ജീപ്പ് തല്ലിതകർത്തിരുന്നു. ഡി.വൈ.എഫ്.ഐ നേതാവ് നിധിൻ പുല്ലനാണ് ഇത്തരത്തിൽ ജീപ്പ് തകർത്തത്. ഈ സംഭവത്തിൽ നിധിനെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ബലമായി ഇയാളെ മോചിപ്പിച്ചിരുന്നു. ഇതിനുപിറകെ ഇന്ന് ഇയാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഹെൽമറ്റ് ധരിക്കാത്തതിന് പിഴയിട്ടതിനാണ് ഇയാൾ പൊലീസ് ജീപ്പ് തല്ലിത്തകർത്തതെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. പൊലീസുകാർ ജീപ്പിലിരിക്കെയാണ് ജീപ്പിന് മുകളിലേക്ക് ഇയാൾ കയറി ചില്ല് അടിച്ചുതകർത്തത്.