
ഇന്ത്യൻ കപ്പലിന്റെ അകമ്പടിയിൽ മുംബയിലേക്ക്
സ്ഫോടനം, തീപിടിത്തം. ആളപായമില്ല
ജീവനക്കാരിൽ 20 ഇന്ത്യക്കാരും
ദുബായി:സൗദി അറേബ്യയിൽ നിന്ന് ക്രൂഡ് ഓയിലുമായി മംഗലാപുരത്തേക്കുള്ള യാത്രാമദ്ധ്യേ അറബിക്കടലിൽ വച്ച് ഡ്രോൺ ആക്രമണത്തിനിരയായ ഇസ്രയേൽ ടാങ്കർ കപ്പൽ യാത്ര പുനരാരംഭിച്ചു. ഇന്ത്യൻ കോസ്റ്റ്ഗാർഡ് കപ്പൽ വിക്രമിന്റെ എസ്കോർട്ടോടെ നാളെ രാവിലെ മുംബയിൽ എത്തും.
ലൈബീരിയയിൽ രജിസ്റ്റർ ചെയ്‌ത എം.വി കെം പ്ലൂട്ടോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പലിൽ സ്‌ഫോടനവും തീ പിടിത്തവും ഉണ്ടായെങ്കിലും വൻദുരന്തം ഒഴിവായി. തീ അണച്ചു. ഇരുപത് ഇന്ത്യക്കാരുൾപ്പെടെ എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. ഗുജറാത്തിലെ പോർബന്തർ തീരത്തു നിന്ന് 400 കിലോമീറ്റർ (217 നോട്ടിക്കൽ മൈൽ )മാത്രം അകലെയാണ് സംഭവം.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റിട്ടില്ല. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ വിരുദ്ധ ഗ്രൂപ്പുകളാണെന്ന് സംശയമുണ്ട്.
ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓർഗനൈസേഷന്റെ സന്ദേശത്തെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിക്രം പട്രോൾ കപ്പലിനെയും നേവിയുടെ ഡോർണിയർ പട്രോൾ വിമാനത്തെയും ഇസ്രയേൽ കപ്പലിനടുത്തേക്ക് നിയോഗിച്ചിരുന്നു. കപ്പലിന് മുകളിൽ നിരീക്ഷണപ്പറക്കൽ നടത്തിയ വിമാനം കപ്പലും ജീവനക്കാരും സുരക്ഷിതരാണെന്ന് ഉറപ്പാക്കി. സമീപത്തുള്ള എല്ലാ കപ്പലുകൾക്കും സന്ദേശങ്ങൾ അയയ്‌ക്കുകയും ചെയ്‌തു. അറബിക്കടലിലെ ഇന്ത്യൻ യുദ്ധക്കപ്പലുകളും അങ്ങോട്ട് നീങ്ങി.
ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ കപ്പൽ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സങ്കേതം ഓഫാക്കിയിരുന്നു. ശത്രുക്കൾ കപ്പലിനെ ട്രാക്ക് ചെയ്യാതിരിക്കാനുള്ള മുൻകരുതലാണിത്. കപ്പലിന്റെ യന്ത്രത്തിനോ വൈദ്യുതി സംവിധാനത്തിനോ തകരാറില്ല.
ഇസ്രയേൽ വിരുദ്ധ ഗ്രൂപ്പുകൾ?
ഗാസ യുദ്ധത്തെ തുടർന്ന് ഇസ്രയേൽ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ.
കഴിഞ്ഞ മാസം ഇന്ത്യൻ മഹാസമുദ്രത്തിൽ ഇസ്രയേൽ ചരക്കുകപ്പലിൽ ഇറാൻ സേനയുടെ ഡ്രോൺ ആക്രമണം
ചെങ്കടലിലെ കപ്പൽ പാതയിൽ യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ. 35 രാജ്യങ്ങളുടെ പത്ത് കപ്പലുകൾക്ക് നേരെ നൂറിലേറെ ആക്രമണങ്ങൾ
കപ്പലുകൾ ആഫ്രിക്കൻ മുനമ്പ് വഴി തിരിച്ചു വിട്ടിരിക്കയാണ്.