
ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം നീക്കുന്നതിന് ഉത്തരവ് നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴിഞ്ഞ ദിവസം സ്ത്രീകൾക്ക് ഹിജാബ് ധരിക്കുന്നതിന് തടസ്സമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു. ഇത് വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.
നിരോധനം പിൻവലിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചു. ഇതോടെ ബി.ജെ.പിയുൾപ്പെടെ വിമർശനവുമായി രംഗത്തെത്തി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകാൻ കർണാടക സർക്കാർ ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. നിരോധനം അവസാനിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും എന്നാൽ, വിഷയം സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ചചെയ്യുമെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചത് വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. നിരോധനത്തിനെതിരെ നിരവധി വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചെങ്കിലും കർണാടക ഹൈക്കോടതി നിരോധനം ശരിവച്ചു. കേസ് സുപ്രീം കോടതിയിൽ എത്തിയെങ്കിലും ഭിന്നവിധിയാണുണ്ടായത്.