terror-attack

ശ്രീനഗർ: ജമ്മു കാശ്‌മീരിൽ അഞ്ച് സൈനികർ വീരമൃത്യു വരിക്കാനിടയായ ആക്രമണത്തിനു പിന്നിലെ ഭീകരർക്കായി തെരച്ചിൽ തുടരുന്നു. പൂഞ്ച്, രജൗരി ജില്ലകളിൽ ഇന്നലെ പുലർച്ചെ മുതൽ മൊബൈൽ, ഇന്റർനെറ്ര് സേവനങ്ങൾ വിച്ഛേദിച്ചു. അഭ്യൂഹങ്ങൾ പ്രചരിക്കുന്നതുൾപ്പെടെ അനാവശ്യ ഇടപെടലുകൾ തടയാനാണ് ഇന്റർനെറ്ര് വിച്ഛേദിച്ചത്.

പ്രദേശത്ത് വ്യോമ നിരീക്ഷണം ശക്തമാക്കി. കൂടുതൽ സൈന്യത്തെ വിന്യസിച്ചു. തെരച്ചിലിനായി ഹെലി‌കോപ്ടറുകളും ഡ്രോണുകളും എത്തിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം കഴിഞ്ഞ ദിവസം പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പി.എ.എഫ്.എഫ്) ഏറ്റെടുത്തിരുന്നു. യു.എസ് നിർമ്മിത എം 4 കാർബൈൻ റൈഫിളുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഭീകരർ പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. റോഡ് തകർന്നുകിടക്കുന്നതനാൽ സൈനിക വാഹനങ്ങൾ വേഗത കുറച്ച് പോകുമെന്ന് മനസ്സിലാക്കി ഭീകരർ ധാത്യാർ മോർ പ്രദേശത്ത് ഒളിഞ്ഞിരുന്ന് ആക്രമണം നടത്തുകയായിരുന്നു.

പ്രദേശവാസികളുടെ മൃതദേഹങ്ങൾ

അതിനിടെ, ആക്രമണം നടന്ന മേഖലയ്ക്കു സമീപം പ്രദേശവാസികളായ മൂന്ന് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഭീകരർ ഒളിച്ചിരുന്ന ഡി.കെ.ജി-ബുഫ്ലിയാസ് വനമേഖലയോട് ചേർന്നുള്ള പ്രദേശവാസികളായ സഫീർ ഹുസൈൻ (37), മുഹമ്മദ് ഷൗക്കത്ത് (26), ഷബീർ അഹമ്മദ് (32) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

പ്രദേശത്തുള്ള 50ഓളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു. മരിച്ച നിലയിൽ കണ്ടെത്തിയവരെയും ചോദ്യം ചെയ്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അതിനിടെ ചോദ്യം ചെയ്യലിനിടെ ഇവരെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാരോപിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾ പ്രതിഷേധിച്ചു. ഇതിനിടെ യുവാക്കളുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് അധികൃത‌ർ അറിയിച്ചു.