wrest

ന്യൂഡൽഹി: വിവാദ എം.പി ബ്രിജ്ഭൂഷൺ ശരൺ സിംഗിന്റെ അടുപ്പക്കാരൻ സഞ്ജയ് സിംഗ് ഇന്ത്യൻ റസ്‌ലിംഗ് അസോസിയേഷൻ പ്രസിഡന്റായതിൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നു.സഞ്ജയ് സിംഗിനെ തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് ഗുസ്തിയിൽ നിന്ന് വിരമിച്ച ഒളിമ്പിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്കിന് പിന്തുണയുമായി പത്മശ്രീ പുരസ്കാരം തിരികെ നൽകുമെന്നറിയിച്ച് 2005ലെ ബധിര ഒളിമ്പിക്സിലെ സ്വർണ മെഡൽ ജേതാവായ വിരേന്ദർ സിംഗ് യാദവ് രംഗത്തെത്തി.

കഴിഞ്ഞ ദിവസം ബജ്‌രംഗ് പൂനിയ പത്മ ശ്രീ തിരിച്ച് നൽകിയിരുന്നു. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് വിരേന്ദർ പത്മശ്രീ തിരിച്ചു നൽകുമെന്ന് അറിയിച്ചത്. ഇക്കാര്യത്തിൽ അഭിപ്രായം പറയണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ കായിക താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ,​ നീരജ് ചോപ്ര എന്നിവരെ വിരേന്ദർ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2021ലാണ് വിരേന്ദറിന് പത്മശ്രീ ലഭിച്ചത്. 2015ൽ അർജുന പുരസ്കാരവും വിരേന്ദറിന് ലഭിച്ചിരുന്നു.

എന്റെ സഹോദരിക്കും രാജ്യത്തിന്റെ മകൾക്കും വേണ്ടി ഞാൻ പത്മശ്രീ തിരികെ നൽകും. ബഹുമാനപ്പെട്ട പ്രധാന മന്ത്രി അങ്ങയുടെ മകളും എന്റെ സഹോദരിയുമായ സാക്ഷി മാലിക്കിനെയോർത്ത് ഞാൻ അഭിമാനിക്കുന്നു. രാജ്യത്തെ ഏറ്റവും മികച്ച കായിക താരങ്ങളും ഈ വിഷയത്തിൽ അവരുടെ അഭിപ്രായം പറയണം സച്ചിൻ ടെൻഡുൽക്കർ,​ നീരജ്ചോപ്ര എന്നിരെ ടാഗ് ചെയ്ത് വിരേന്ദർ എക്സിൽ കുറിച്ചു.