wcri

മുംബയ്: ജയിക്കാൻ ഇന്ത്യ, തോൽക്കാതിരിക്കാൻ ഓസ്ട്രേലിയ... ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏക വനിതാ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. മൂന്നാം ദിനമായ ഇന്നലെ കളിയവസാനിക്കുമ്പോൾ 235/5 എന്ന നിലയിലാണ് ഓസ്ട്രേലിയ. അഞ്ച് വിക്കറ്റ് കൈയിലിരിക്കെ അവർക്ക് 46 റൺസി്റെ ലീഡുണ്ട്. ടെസ്റ്റിന്റെ അവസാനദിനമായ ഇന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ ആവേശകരമായ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. സ്കോർ ഓസ്ട്രേയ 219/10, 235/5.ഇന്ത്യ 406/10.

376/7 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് പൂജ വസ്ട്രാക്കറുടെ (47) വിക്കറ്റാണ് ആദ്യം നഷ്ടമായത്.അന്നാബെൽ സതർലാൻഡിന്റെ പന്തിൽ കിം ഗാർത്താണ് ക്യാച്ചെടുത്തത്. 126 പന്ത് നേരിട്ട് 7 ഫോറുൾപ്പെട്ടതാണ് പൂജയുടെ ഇന്നിംഗ്സ്. പിന്നാലെ ഇന്ത്യയുടെ ടോപ് സ്കോറർ ദീപ്തി ശർമ്മയെ (78) ഗാർത്ത് ക്ലീൻബൗൾഡാക്കി. 171 പന്ത് നേരിട്ട് 9 ഫോറുൾപ്പെട്ടതാണ് ദീപ്തിയുടെ ഇന്നിംഗ്സ്. രേണുക സിംഗിനെ (8) പുറത്താക്കി അന്നബെൽ സതർലാൻഡ് ഇന്ത്യൻ ഇന്നിംഗ്സിന് തിരശീലയിട്ടു. രാജേശ്വരി ഗെയ്ക്‌വാദ് (0) പുറത്താകാതെ നിന്നു. ആഷ്‌ലെയ്ഗ് ഗാർഡ്നർ ഓസീസിനായി 4 വിക്കറ്റ് വീഴ്ത്തി.

187 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഓസീസ് നിരയിൽ തഹ്‌ലിയ മക്ഗ്രാത്ത് (73) മികച്ച പ്രകടനം നടത്തി. എല്ലിസ് പെറി (45), ബെത്ത് മൂണി(33), അലിസ ഹീലി (32) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അന്നബെല്ലും (12), ഗാർഡ്നറുമാണ് (7) സ്റ്റമ്പെടുക്കുമ്പോൾ ക്രീസിൽ. ഇന്ത്യയ്ക്കായി സ്‌നേഹ റാണയും ഹർമ്മൻ പ്രീത് കൗറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.