kk

ആലപ്പുഴ : നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ,​ സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എസ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി.

അനിൽ കുമാറിനെ ഒന്നാംപ്രതിയായും സന്ദീരിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ്. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ഗൺമാൻ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അജയ് ജ്യുവൽ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് എഡിതോമസ് എന്നിവരാണ് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹർജി നൽകിയത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, സെക്യൂരിറ്റി ഓഫീസർ സന്ദീപ് എന്നിവർക്കെതിരെ ഐപിസി 294 ബി, 326,324 പ്രകാരം കേസെടുക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പേെട്ടിരുന്നത്.

16ന് ആലപ്പുഴ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസിന് പോകുമ്പോൾ ജനറൽ ആശുപത്രി ജംഗ്ഷനിൽ മുദ്രാവാക്യം മുഴക്കിയ ഇരുവരെയും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ കസ്റ്റഡിയിലെടുത്ത് റോഡരികിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്ന് ഗൺമാനും സെക്യൂരിറ്റി ഓഫീസറും ലാത്തിയുമായി ചാടിയിറങ്ങി മർദ്ദിച്ചത്. തോമസിന്റെ തലപൊട്ടുകയും അജയ് ജ്യുവലിന്റെ കൈ ഒടിയുകയും ചെയ്തു.സൗത്ത് പൊലീസിൽ ഇരുവരും പരാതി നൽകിയെങ്കിലും കേസെടുത്തില്ല. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ റിപ്പോർട്ട് തേടിയപ്പോൾ, ഒഴിവാക്കാനാകാത്ത സാഹചര്യത്തിലായിരുന്നു ലാത്തിയടിയെന്നാണ് സൗത്ത് പൊലീസ് മറുപടി നൽകിയത്. തുടർന്നാണ് വീഡിയോ സഹിതം കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്. ഹർജി പരിഗണിച്ച കോടതി കേസെടുക്കാൻ ആലപ്പുഴ സൗത്ത് പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു.