accident

കോഴിക്കോട്: നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറിയെങ്കിലും വൻ അപകടം ഒഴിവായി. കോഴിക്കോട് കൂളിമാട് എംആര്‍പിഎൽ പെട്രോൾ പമ്പിൽ പുലര്‍ച്ചെ രണ്ടേമുക്കാലോടെയായിരുന്നു അപകടമുണ്ടായത്. പമ്പിലെ ജീവനക്കാരൻ സൂരജിന്റെ കാലിന് സാരമായി പരിക്കേറ്റു.ഇയാളെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസ് ഇടിച്ചുകയറിയതിനെ തുടർന്ന് പമ്പിലെ ഇന്ധനം നിറയ്ക്കുന്ന മെഷീൻ പൂർണമായും തകർന്നെങ്കിലും തീപിടിത്തം ഉണ്ടായില്ല. ഓട്ടോമാറ്റിക് സംവിധാനം ഉള്ളതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായതെന്നാണ് പമ്പ് മാനേജ്‌മെന്റ് പറയുന്നത്. അപകടവിവരം അറിഞ്ഞ ഉടനെ സ്ഥലത്തെത്തിയ മാവൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

കഴിഞ്ഞ ഒക്ടോബറിൽ കണ്ണൂരിൽ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് പമ്പിലേക്ക് ഇടിച്ചുകയറിയിരുന്നു. അപകടത്തിൽ പെട്രോൾ നിറയ്‌ക്കുകയായിരുന്നു കാർ തകർത്തു. ഇടിയുടെ ആഘാതത്തിൽ പിന്നോട്ടുരുണ്ട കാർ പെട്രോൾ നിറയ്ക്കുന്ന മെഷീൻ തകർത്തെങ്കിലും വൻ ദുരന്തം ഒഴിവാകുകയായിരുന്നു. പമ്പിൽ തിരക്കില്ലാതിരുന്നതും രക്ഷയായി. കമ്പിൽ സ്വദേശി കരുണാകരന്റെ കാറിലാണ് ജീപ്പിടിച്ചത്. നിസാരമായി പരിക്കേറ്റ കരുണാകരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മകളെ റെയിൽവേ സ്റ്റേഷനിലാക്കി മടങ്ങുകയായിരുന്നു കരുണാകരൻ.

കളക്ട‌റേറ്റിന് എതിർവശത്തെ പമ്പിലായിരുന്നു അപകടം. റോഡിലെ ഡിവൈഡറിലിടിച്ച ശേഷമാണ് കണ്ണൂർ ടൗൺ സ്റ്റേഷനിലെ ബൊലേറോ ജീപ്പ് പമ്പിലേക്ക് പാഞ്ഞുകയറിയത്. എ.എസ്.ഐ സന്തോഷായിരുന്നു വാഹനം ഓടിച്ചത്.​ മെസ് ഓഫീസർ പ്രേമനും ഒപ്പമുണ്ടായിരുന്നു. അപകടം നടന്നയുടൻ ഇരുവരും വാഹനത്തിൽ നിന്ന് ഇറങ്ങിയോടിയത് പ്രതിഷേധത്തിനുമിടയാക്കി. ഇവർ യൂണിഫോം ധരിച്ചിരുന്നില്ല.

വാഹനത്തിന് ഇൻഷ്വറൻസില്ലെന്ന് ആരോപണമുയർന്നെങ്കിലും കാലപ്പഴക്കത്താലുള്ള പ്രശ്നങ്ങളേ ഉള്ളൂവെന്നാണ് പൊലീസിന്റെ വിശദീകരണം. ജീപ്പ് മൂന്നര ലക്ഷത്തിലധികം കിലോമീറ്റർ ഓടിയതാണ്. പതിനൊന്ന് വർഷത്തെ പഴക്കവുമുണ്ട്. ഇതുകാരണം കണ്ണൂർ എ.ആർ ക്യാമ്പിലെ ക്യാന്റീൻ ആവശ്യത്തിന് മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ തേഞ്ഞ് തീരാറായ ടയറുകളും തുരുമ്പെടുത്ത ബോഡിയുമായിരുന്നു വാഹനത്തിന്.